വെല്ലിങ്‌ടണ്‍: ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും നിരന്തരം തഴയപ്പെടുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പിന്തുണച്ച് ന്യൂസിലൻഡ് മുൻ പേസറും കമന്‍റേറ്ററുമായ സൈമൺ ഡൗൾ. ദേശീയ ടീമില്‍ സഞ്‌ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് ഡൗൾ അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷഭ് പന്തിന്‍റേയും സഞ്‌ജുവിന്‍റേയും ഏകദിനത്തിലെ പ്രകടനം താരതമ്യം ചെയ്‌താണ് ഡൗൾ തന്‍റെ അഭിപ്രായം മുന്നോട്ട് വയ്‌ക്കുന്നത്.
"ഏകദിനത്തില്‍ റിഷഭ് പന്തിന്‍റെ കണക്കുകൾ ഭേദപ്പെട്ടതാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്‍റെ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. എന്നാല്‍ 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്‍റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിന്‍റെ പ്രകടനം മോശമല്ല. അവന്‍ കൂടുതല്‍ അവസരങ്ങൾ അർഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്", സൈമൺ ഡൗള്‍ പറഞ്ഞു.
"എന്നെ സംബന്ധിച്ച് റിഷഭ് പന്ത് vs സഞ്‌ജു സാംസണ്‍ ചര്‍ച്ചകള്‍ രസകരമാണ്. പന്താണ് ഭാവിയെന്നാണ് പറയപ്പെടുന്നത്. പക്ഷെ വൈറ്റ് ബോൾ ഫോര്‍മാറ്റില്‍ അവന്‍ കാര്യമായി ഒന്നും ചെയ്‌തിട്ടില്ല.
അസാധാരണ ടെസ്റ്റ് കളിക്കാരനാണ് എന്നതു ശരിയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ പന്തിന് സ്ഥാനമുണ്ടാവും. അതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ പന്താണോ?, അക്കാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടില്ല", ഡൗള്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും സഞ്‌ജുവിനെ തഴയുന്നുവെന്ന ആക്ഷേപം ശക്തമാണ്. ആദ്യം നടന്ന ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും സഞ്‌ജുവിനെ ഇറക്കിയിരുന്നില്ല. ഏകദിന പരമ്പയിലെ ആദ്യ കളിയില്‍ അവസരം നല്‍കിയെങ്കിലും രണ്ടാം മത്സരത്തില്‍ താരത്തെ പുറത്തിരുത്തിയത് ആരാധക രോഷത്തിന് കാരണമായിരുന്നു.
ബിസിസിഐക്കും മാനേജ്‌മെന്‍റിനുമെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു ഏകദിനം മാത്രം കളിപ്പിച്ച ശേഷം സഞ്ജുവിനെപ്പോലെ പ്രതിഭാസമ്പന്നനായ താരത്തെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നുവെന്നാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ മുരളി കാർത്തിക് പ്രതികരിച്ചത്.
Also read: 'എന്താ പന്തേയിത്, അവസരങ്ങള്‍ ഇങ്ങനെ കളഞ്ഞ് കുളിക്കണോ ?'; വിമര്‍ശനവുമായി കൃഷ്‌ണമാചാരി ശ്രീകാന്ത്