ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഇന്ത്യന്‍ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്‌മാന്‍ ഗില്‍ നായകനായ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഭാഗമായ ഹനുമ വിഹാരി, വാഷിങ്‌ടൺ സുന്ദർ, കെഎസ് ഭരത്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരും കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളുമാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മുംബൈ ടീമിൽ നിന്നും ശാര്‍ദുലിനെ കൂടാതെ സര്‍ഫറാസ് ഖാന്‍, യശസ്വി ജയ്‌സ്വാൾ, ഷംസ് മുലാനി എന്നിവർ ഇടം പിടിച്ചു. മധ്യപ്രദേശ് ടീമില്‍ നിന്നും യാഷ് ദുബെ, ശുഭം ശർമ്മ, രജത് പട്ടീദാർ എന്നിവരും ഇടം നേടിയിട്ടുണ്ട്. കേരള രഞ്ജി താരം ജലജ് സക്‌സേനയും ടീമില്‍ ഇടം കണ്ടെത്തി. വാഷിങ്‌ടണ്‍ സുന്ദറിന് പകരക്കാരനായി സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയ ഷഹ്‌ബാസ് അഹമ്മദും ടീമിന്‍റെ ഭാഗമാണ്.
മൂന്ന് വീതം ചതുര്‍ ദിന, ലിസ്റ്റ് എ മത്സരങ്ങളാണ് പര്യടനത്തിന്‍റെ ഭാഗമായുള്ളത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ബെംഗളൂരുവിലാണ് മുഴുവന്‍ മത്സരങ്ങളും നടക്കുക. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ എ ടീം വീണ്ടും മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിലായിരുന്നു അവസാനമായി ഇന്ത്യ എ ടീം കളിച്ചത്. മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളാണ് പര്യടനത്തിലുണ്ടായിരുന്നത്.
നേരത്തെ 2017-18 ല്‍ പര്യടനത്തിനെത്തിയ ന്യൂസിലൻഡ് എ ടീം വിജയവാഡയിൽ ഒരു ദിവസത്തെ പിങ്ക് ബോൾ മത്സരം കളിച്ചിരുന്നു. ഈ പര്യടനത്തിലും ഒരു പിങ്ക് ബോൾ ഫിക്‌ചറും ബിസിസിഐ ആലോചിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ഈ വര്‍ഷം നവംബറില്‍ പര്യടനത്തിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ബിസിസിഐ ചർച്ച നടത്തുന്നുണ്ട്.
സഞ്‌ജുവിന് കൂടുതല്‍ അവസരം: മലയാളി താരം സഞ്ജു സാംസണെ എ ടീമില്‍ ഉള്‍പ്പെടുത്താത്തത് താരത്തിന് സീനിയര്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുന്നതിലേക്ക് വഴിയൊരുക്കിയേക്കാം. ഏകദേശം ഇതേസമയത്ത് തന്നെയാണ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 28 മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കും.
ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശുഭ്‌മാൻ ഗിൽ (സി), യാഷ് ദുബെ, ഹനുമ വിഹാരി, രജത് പട്ടീദാർ, സർഫറാസ് ഖാൻ, വാഷിങ്‌ടൺ സുന്ദർ, കെഎസ് ഭരത് (ഡബ്ല്യുകെ), ഷംസ് മുലാനി, ജലജ് സക്സേന, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, ശുഭം ശർമ്മ, അക്ഷയ് വാഡ്കർ, ഷഹബാസ് അഹമ്മദ്, മണിശങ്കർ മുറസിങ്.
ഏകദിന ടീം: ശുഭ്‌മാൻ ഗിൽ (സി), പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ക്‌വാദ്, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ഋഷി ധവാന്‍, വാഷിങ്‌ടൺ സുന്ദർ, പ്രവീണ്‍ ദുബെ, മായങ്ക് മര്‍കണ്ഡെ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, കെഎസ് ഭരത്, വെങ്കടേഷ് അയ്യര്‍, പുല്‍കിത് നരംഗ്, രാഹുല്‍ ചാഹര്‍, യഷ് ദയാല്‍.