മുംബൈ : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന് പനിപിടിച്ചുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കനത്ത നിരാശയാണ് നല്‍കുന്നത്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാന്‍ രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഗില്ലിന് പനിബാധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ശുഭ്‌മാൻ ഗില്ലിന് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതുസംബന്ധിച്ച് ബിസിസിഐ (BCCI) ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ഇന്ത്യ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ചെന്നൈയില്‍ 25-കാരന് കളിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ (Shubman Gill health Updates).
മെഡിക്കല്‍ ടീമിന്‍റെ നിര്‍ദേശപ്രകാരമാവും താരത്തെ കളത്തിലിറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരിക്കുന്നത്. "ശുഭ്‌മാന്‍ ഗില്ലിനെ മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവന്‍ ഉടൻ തന്നെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി അവന്‍ എപ്പോള്‍ ഇറങ്ങുമെന്ന കാര്യത്തില്‍ മെഡിക്കൽ ടീമിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ചെന്നൈയിൽ എത്തിയത് മുതല്‍ ശുഭ്‌മാന്‍ ഗില്ലിന് കടുത്ത പനി ഉണ്ടായിരുന്നു. ഗില്ലിന്‍റെ പരിശോധനകൾ നടക്കുന്നുണ്ട്.
വെള്ളിയാഴ്ച അവനെ വീണ്ടും പരിശോധനയ്‌ക്ക് വിധേയനാക്കും. അതിന് ശേഷമായിരിക്കും ഗില്ലിനെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുക" - ബിസിസിഐ വൃത്തങ്ങൾ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
ഡെങ്കിപ്പനിയാണ് ബാധിച്ചതെങ്കില്‍ അസുഖം ഭേദമാവാന്‍ സാധാരണ ഏഴ് മുതല്‍ 10 വരെ ദിവസങ്ങളാണ് വേണ്ടി വരിക. പക്ഷേ, രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായാൽ താരത്തിന് തിരികെ എത്താനായി കൂടുതല്‍ സമയം വേണ്ടി വന്നേക്കും. ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവാതിരുന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുമത്.
ഈ വര്‍ഷം മിന്നും ഫോമിലാണ് ഗില്ലുള്ളത്. അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ലോകകപ്പ് ഇന്ത്യന്‍ സ്‌ക്വാഡ് (India squad for Cricket world cup 2023) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.