കൊളംബോ: ഏകദിന ലോകകപ്പില്‍ (ODI World Cup) ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ ക്രിക്കറ്റ് മൈതാനത്തിന് പുറത്തായിരുന്നു താരം. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പിലൂടെ (Asia Cup 2023) ആയിരുന്നു താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.
ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങുകയും ചെയ്‌തിരുന്നു. എന്നാല്‍, വീണ്ടും പരിക്കേറ്റ താരത്തിന് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ താരം ഇടംപിടിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും (Shreyas Iyer Injury).
നിലവില്‍, താരത്തിന്‍റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എങ്കിലും ഓപ്‌ഷണല്‍ പരിശീലന സെഷനോടെ മാത്രമെ ശ്രേയസ് അയ്യര്‍ക്ക് ബംഗ്ലാദേശിനെതിരെ കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കു. നാളെയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ബംഗ്ലാദേശ് (India vs Bangladesh) പോരാട്ടം.
ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 17) ഏഷ്യ കപ്പ് ഫൈനലിന് ശേഷം ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ (India vs Australia ODI Series 2023) അടങ്ങിയ പരമ്പര ടീം ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയ്‌ക്കുള്ള സ്ക്വാഡിനെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (India ODI Squad Announcement). ഓസീസിനെതിരായ ടീം പ്രഖ്യാപനത്തിന് മുന്‍പ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് നിലവില്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസ്.
ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പടെ ഇടം പിടിച്ചിട്ടുള്ള താരമാണ് ശ്രേയസ് അയ്യര്‍. ഓസ്‌ട്രേലിയന്‍ പരമ്പര നഷ്‌ടമാകുമെങ്കില്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ശ്രേയസ് അയ്യര്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
നിലവില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷനാണ് ശ്രേയസ് അയ്യരുടെ പകരക്കാരനായി അവസാന രണ്ട് മത്സരങ്ങളിലും ഇടം പിടിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇഷാന്‍ കിഷന്‍റെ സ്ഥാനമാകും തെറിക്കുക. അതേസമയം, ഇന്ത്യ ഏഷ്യ കപ്പ് ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് ഈ മത്സരത്തില്‍ വിശ്രമം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.