ന്യൂഡല്‍ഹി: 2006-ലെ ഇന്ത്യ -പാകിസ്ഥാന്‍ ടെസ്‌റ്റ് പരമ്പരയ്‌ക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ മനപൂര്‍വം പരിക്കേല്‍ക്കിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പാക് ഫാസ്‌റ്റ് ബോളര്‍ ഷുഹൈബ് അക്തര്‍. സ്‌പോര്‍ട്സ് കീഡയുടെ പ്രത്യേക പരിപാടിയിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. പരമ്പരയിലെ മൂന്നാം മത്സരത്തിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യമായി താരം ഇക്കാര്യം പറഞ്ഞത്.
ആ മത്സരത്തില്‍ എന്ത് വിലകൊടുത്തും സച്ചിനെ പരിക്കേല്‍പ്പിക്കനായിരുന്നു എന്‍റെ ലക്ഷ്യം. വിക്കറ്റിന് മുന്നില്‍ പന്തെറിയാന്‍ ഇന്‍സമാം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്നും അക്ക്‌തര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ അക്തര്‍ എറിഞ്ഞ ഒരു പന്ത് സച്ചിന്‍റെ ഹെല്‍മറ്റില്‍ ഇടിച്ചതിനെയും പാക് ഇതിഹാസ താരം സംഭാഷണത്തില്‍ ഓര്‍ത്തെടുത്തു. ആ മത്സരത്തില്‍ സഹതാരം ആസിഫിന്‍റെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു. ഇര്‍ഫാന്‍ പത്താന്‍ വിഖ്യാതമായ ഹാട്രിക് നേടിയ ആ മത്സരത്തില്‍ ഇന്ത്യ 341 റണ്‍സിനാണ് പരാജയപ്പെട്ടത്.
ടെസ്‌റ്റ് ക്രിക്കറ്റില്‍ 140 പന്തുകളാണ് അക്തര്‍ സച്ചിനെതിരെ എറിഞ്ഞിട്ടുള്ളത്. അതില്‍ രണ്ട് പ്രാവശ്യം മാത്രാണ് പാക് ഇതിഹാസ താരത്തിന് സച്ചിന്‍റെ വിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. അക്തറിനെതിരെ 56.4 പ്രഹരശേഷിയില്‍ 12 ബൗണ്ടറികളുള്‍പ്പടെ 79 റണ്‍സും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.