ഇസ്ലാമാബാദ്: ഇക്കൊല്ലം നടക്കുന്ന ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ടൂർണമെന്‍റ് പാകിസ്ഥാനിൽ വെച്ച് നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാനിലാണെങ്കിൽ മത്സരത്തിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇതോടെ ഏഷ്യ കപ്പിന് ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരുന്നു.
ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവർ ശക്‌തമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ബിസിസിഐയുടെ ശക്‌തിക്ക് മുന്നിൽ ഐസിസിക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും അഫ്രീദി പറഞ്ഞു.
ഏഷ്യ കപ്പ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കിൽ അതിൽ ഇന്ത്യ പങ്കെടുക്കുമോ, പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്‌കരിക്കുമോ എന്ന കാര്യമൊന്നും എനിക്കറിയില്ല. എന്നാൽ ചില അവസരങ്ങളിൽ നമ്മൾ കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. പക്ഷേ ഈ ഘട്ടത്തിൽ ഐസിസിയുടെ തീരുമാനങ്ങളാണ് നിർണായകമാകുന്നത്.
ഇക്കാര്യത്തിൽ ഐസിസിയാണ് നിലപാടെടുക്കേണ്ടത്. എന്നാൽ ബിസിസിഐയുടെ കരുത്തിന് മുന്നിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ ഐസിസിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാരണം ബിസിസിഐ അത്രത്തോളം ശക്തമാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തിടത്തോളം അത്തരം ശക്തമായ തീരുമാനം എടുക്കാൻ എളുപ്പമാകില്ല. തീരുമാനം എടുക്കുന്നുണ്ടെങ്കിൽ പോലും ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതായുണ്ട്.
ഇന്ത്യ ഇത്തരത്തിലുള്ള മനോഭാവം കാണിക്കുകയോ കടുത്ത നിലപാടുകൾ സ്വീകരിക്കുകയോ ചെയ്യുന്നത് അവർ അത്രത്തോളം ശക്‌തരായതുകൊണ്ടാണ്. അല്ലാത്ത പക്ഷം അവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യമുണ്ടാകില്ല. അഫ്രീദി വ്യക്‌തമാക്കി. നേരത്തെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഏഷ്യ കപ്പ് വിഷയത്തിൽ പാകിസ്ഥാനെതിരെ തന്‍റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായം വ്യക്‌തമാക്കിയിരുന്നു.
ഇതൊക്കെ കുറേ കേട്ടതാണ്: 'ഏഷ്യ കപ്പ് നടക്കേണ്ടത് പാകിസ്ഥാനിലായിരുന്നു. എന്നാൽ പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടക്കുന്നതെങ്കിൽ അതിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ഇന്ത്യ പങ്കെടുക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ വേദി മാറ്റിയേ പറ്റു. ഏഷ്യ കപ്പിന് അവരുടെ സ്ഥലത്തേക്ക് നമ്മൾ പോകില്ലെന്ന് പറയുമ്പോൾ ഇവിടേക്ക് വരാനാകില്ലെന്ന് അവരും പറയും. ഇതിന് മുൻപും ഇത്തരം കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.' അശ്വിൻ പറഞ്ഞു.
'ഏഷ്യകപ്പ് ശ്രീലങ്കയിൽ വെച്ച് നടത്താവുന്നതാണ്. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂർണമെന്‍റാണിത്. ദുബായിൽ നിരവധി ടൂർണമെന്‍റുകൾ നടത്തിയിട്ടുണ്ട്. അതിനാൽ ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാൽ അതിൽ സന്തോഷമേയുള്ളൂ.' അശ്വിൻ വ്യക്‌തമാക്കി. ഏഷ്യ കപ്പ് പാകിസ്ഥാനിൽ വെച്ചാണെങ്കിൽ ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും വ്യക്‌തമാക്കിയിരുന്നു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധം തകർന്നത്. 2008ൽ നടന്ന ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിലെത്തി പരമ്പര കളിച്ചത്. അതിന് ശേഷം ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.