ഇസ്‌ലാമാബാദ്: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ഒപ്പം തന്നെ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍ ഫൈനലിലെത്താതെ പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയോടും പിന്നാലെ ശ്രീലങ്കയോടും വഴങ്ങിയ തോല്‍വിയാണ് ബാബര്‍ അസമിനും (Babar Azam) സംഘത്തിനും പുറത്തേക്കുള്ള വഴി തുറന്നത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ടീമുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി (Shahid Afridi).
ഏകദിന ലോകകപ്പ് (ODI World Cup 2023) കൂടെ മുന്നില്‍ നില്‍ക്കെ പാക് ടീമിന്‍റെ ലൈനപ്പില്‍ പരീക്ഷണങ്ങള്‍ നടത്താതിരുന്നതിനേയും മോശം ഫോമിലുള്ള താരങ്ങളെ നിരന്തരം കളിപ്പിച്ചതിനുമാണ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ടീം മാനേജ്‌മെന്‍റിനെയും ഷാഹിദ് അഫ്രീദി പൊരിക്കുന്നത് (Shahid Afridi criticizes Pakistan team Management After Asia Cup 2023 elimination).
"പാകിസ്ഥാന്‍ ടീമില്‍ ശ്രദ്ധിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ ഒരു പ്രശ്‌നമാണിത്. ഇന്ത്യ ഏഷ്യ കപ്പിൽ കളിക്കുന്നുണ്ട്. മിക്കവാറും എല്ലാ മത്സരങ്ങളിലും അവരുടെ ടീമില്‍ ഞാന്‍ മാറ്റങ്ങള്‍ കണ്ടു. ഒരു മത്സരത്തില്‍ സീനിയർ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ജൂനിയര്‍ താരങ്ങളെ കളിപ്പിച്ചു.
അവർ ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എന്നതാണ് ഇതു കാണിക്കുന്നത്. ലോകകപ്പിനായി നിങ്ങള്‍ 15 അംഗ ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്. പ്ലേയിങ് ഇലവനിലുള്ള താരങ്ങളെപ്പോലെ ബെഞ്ചും മികച്ചതാകുന്നതിനായി ഇത്തരം തീരുമാനങ്ങള്‍ വളരെ പ്രധാനമാണ്. ഇക്കാരണത്താല്‍ തന്നെ ഫസ്റ്റ് ചോയ്‌സ് കളിക്കാര്‍ക്ക് വിശ്രമം നല്‍കി മറ്റ് താരങ്ങളെ കളിപ്പിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല"- ഷാഹിദ് അഫ്രീദി പറഞ്ഞു.
ഷാദാബിനെ കളിപ്പിച്ചതെന്തിന്: മോശം ഫോമിലുള്ള സ്‌പിന്‍ ഓള്‍ റൗണ്ടര്‍ ഷാദാബ് ഖാന് (Shadab Khan) തുടര്‍ച്ചയായി ടീമില്‍ അവസരം നല്‍കിയതിനെയും അഫ്രീദി ചോദ്യം ചെയ്‌തു. "ഷാദാബിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ പകരക്കാരനായി ഒസാമ മിർ സ്ക്വാഡിലുണ്ട്. നേരത്തെ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണവന്‍.
കുറച്ച് മത്സരങ്ങളില്‍ ആര്‍ക്കെങ്കിലും നന്നായി കളിക്കാന്‍ കഴിയാതിരുന്നാല്‍, ആ കളിക്കാരന് വിശ്രമം അനുവദിക്കണം. ആ കളിക്കാരനെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കണമെന്നല്ല ഞാന്‍ പറയുന്നത്. സ്‌ക്വാഡില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അയാള്‍ക്ക് വിശ്രമം അനുവദിക്കാം.
ടീമിന്‍റെ മുഖ്യ പരിശീലകനും ബോളിങ് കോച്ചുമായി അയാള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തട്ടെ. സത്യം പറഞ്ഞാല്‍ പാക് ടീമിന്‍റെ പദ്ധതികളെക്കുറിച്ച് എനിക്ക് ഒരു ധാരണയും ലഭിക്കുന്നില്ല"- ഷാഹിദ് അഫ്രീദി വ്യക്തമാക്കി. ഒരു പാക് ചാനലിലാണ് മുന്‍ നായകനായ താരത്തിന്‍റെ വാക്കുകള്‍.
ഏഷ്യ കപ്പില്‍ തന്‍റെ മികവ് പുലര്‍ത്താന്‍ കഴിയാതിരുന്ന ഷദാബ് ഖാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് വിക്കറ്റുകള്‍ മാത്രമാണ് വീഴ്‌ത്തിയത്. ഇതില്‍ നാല് വിക്കറ്റുകളും താരം സ്വന്തമാക്കിയത് നേപ്പാളിനെതിരായ മത്സരത്തിലാണ്.