കറാച്ചി: 2011-ലെ ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനായിരുന്നു ഇന്ത്യ അയല്‍ക്കാരായ പാകിസ്ഥാനെ വീഴ്‌ത്തിയത്. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്.
115 പന്തില്‍ 85 റണ്‍സായിരുന്നു അന്ന് സച്ചിന്‍ അടിച്ച് കൂട്ടിയത്. മത്സരത്തില്‍ 23 റണ്‍സെടുത്ത് നില്‍ക്കെ പാക് സ്പിന്നര്‍ സയീദ് അജ്‌മലിന്‍റെ പന്ത് സച്ചിന്‍റെ പാഡില്‍ തട്ടിയിരുന്നു. എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ ഫീല്‍ഡ് അമ്പയര്‍ ഇയാൻ ഗൗള്‍ഡ് വിരല്‍ ഉയര്‍ത്തുകയും ചെയ്‌തിരുന്നു.
എന്നാല്‍ സച്ചിന്‍ ഇതു ചോദ്യം ചെയ്‌തതോടെ അന്തിമ തീരുമാനത്തിനായി ഇയാൻ ഗൗള്‍ഡ് തേര്‍ഡ് അമ്പയറുടെ സഹായം തേടി. റീപ്ലേകളിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടിയാണ് കടന്നു പോകുന്നതെന്ന് വ്യക്തമായതോടെ ഇയാൻ ഗൗള്‍ഡ് തന്‍റെ തീരുമാനം മാറ്റുകയും നോട്ടൗട്ട് വിധിക്കുകയും സച്ചിന്‍ ബാറ്റിങ് തുടരുകയുമായിരുന്നു. ഇപ്പോഴിതാ 12 വർഷങ്ങള്‍ക്ക് മുന്നെ നടന്ന ഈ സംഭവത്തില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരിക്കുകയാണ് സച്ചിനെതിരെ പന്തെറിഞ്ഞ സയീദ് അജ്‌മൽ.
സച്ചിനെ രക്ഷിക്കാൻ റീപ്ലേയിലെ അവസാന രണ്ട് ഫ്രെയിമുകൾ മുറിച്ച് മാറ്റിയെന്നാണ് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ആരോപിക്കുന്നത്. "2011-ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഞാന്‍ കളിച്ചിരുന്നു. സച്ചിൻ ടെണ്ടുല്‍ക്കറുടെ വിക്കറ്റുമായി ബന്ധപ്പെട്ട വിവാദം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.
ഞാനും അമ്പയറും അതു ഔട്ട് തന്നെയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. സച്ചിനെ രക്ഷിക്കാൻ ബോള്‍ സ്റ്റംപ് മിസ്സിങ് ആവുന്നതിനായി റീപ്ലേയിലെ അവസാന രണ്ട് ഫ്രെയിമുകൾ അവര്‍ മുറിച്ച് മാറ്റി. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ആ പന്ത് മിഡില്‍ സ്റ്റംപില്‍ തന്നെയാവും തട്ടുക", സയീദ് അജ്‌മൽ ഒരു പോഡ്‌കാസ്റ്റ് ഷോയില്‍ പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 49.5 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ കിരീടമുയര്‍ത്തിക്കൊണ്ടാണ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. വാങ്കഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെയായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്.
അതേസമയം നിലവില്‍ വീണ്ടുമൊരു ലോകകപ്പിന് അതിഥേയരാവാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഈ വര്‍ഷം ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ വീണ്ടും ഏകദിന ലോകകപ്പ് നടക്കുക. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം ഐസിസി നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതു പ്രകാരം ഒക്‌ടോര്‍ 19-ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുക.
എന്നാല്‍ ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്നതിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് പോകുന്നതിനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ ബോര്‍ഡിന് എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.