മുംബൈ: ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്‍റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം ചൂണ്ടിക്കാട്ടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോററായിരുന്നു ദക്ഷിണാഫ്രിക്കൻ താരമായ ഡെവാള്‍ഡ് ബ്രെവിസ്. സീനിയര്‍ ടീമിനായി ഇതേവരെ കളിച്ചിട്ടില്ലെങ്കിലും ഇക്കുറി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 18കാരനായ താരം അരങ്ങേറ്റം കുറിക്കും.
മെഗാലേലത്തില്‍ മൂന്ന് കോടി
'ബേബി എബിഡി'യെ താരലേലത്തില്‍ മൂന്ന് കോടിക്കാൻ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് തനിക്കെല്ലായ്‌പ്പോഴും പ്രചോദനമായിട്ടുള്ളതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മുംബൈ ഇന്ത്യന്‍സ് ഡോട് കോമിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ വ്യക്തിത്വം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ഐക്കണിനെ അനുകരിക്കാൻ ആഗ്രഹിക്കുന്നതായും ബ്രെവിസ് പറഞ്ഞു.
"അദ്ദേഹം (സച്ചിൻ) കളിച്ച രീതി എനിക്ക് എന്നും പ്രചോദനമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ഡബിൾ സെഞ്ചുറിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്സ്. സഹോദരനൊപ്പം മത്സരം കണ്ടത് ഞാൻ ഓർക്കുന്നു. അതൊരു അത്ഭുതകരമായ ഇന്നിങ്സായിരുന്നു'' ബ്രെവിസ് പറഞ്ഞു.
"ഞാൻ അദ്ദേഹത്തിന്‍റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ' വായിച്ചു, അതിൽ നിന്ന് ഗെയിമിൽ നടപ്പിലാക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ലഭിച്ചു. അദ്ദേഹത്തില്‍ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം നിങ്ങൾ വിനയാന്വിതനാകണം, കാരണം അഹങ്കാരം നിങ്ങളുടെ പതനമാകാം എന്നതാണ്" ബ്രെവിസ് കൂട്ടിച്ചേര്‍ത്തു.
രോഹിത് മികച്ച ബാറ്റര്‍; ബുംറയെ നേരിടുക പ്രയാസം
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്‌ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാൻ ആഗ്രഹിക്കുന്നതായും ബ്രെവിസ് പറഞ്ഞു. ''അദ്ദേഹം ഒരു മികച്ച ബാറ്ററാണ്. വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ പ്രകടനം ഞാന്‍ കാണുന്നുണ്ട്. ഐപിഎല്ലില്‍ ജോഫ്ര ആർച്ചറും ജസ്പ്രീത് ബുംറയും ടീമിലുണ്ടെന്നതിൽ സന്തോഷമുണ്ട്.
ബുംറയെ നേരിടുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി സെഞ്ചൂറിയനിൽ അദ്ദേഹം ബൗൾ ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അത് അതിശയകരമായിരുന്നു. ഉടൻ തന്നെ നെറ്റ്സിൽ അദ്ദേഹത്തെ നേരിടുന്നതില്‍ ആവേശമുണ്ട്'' ബ്രെവിസ് പറഞ്ഞു
സ്വന്തം വ്യക്തിത്വം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു
ഡിവില്ലിയേഴ്സുമായി താരതമ്യപ്പെടുത്തുന്നത് അഭിമാനകരമാണെങ്കിലും, തന്‍റേതായ വ്യക്തിത്വം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബ്രെവിസ് വ്യക്തമാക്കി. അതേസമയം അടുത്തിടെ നടന്ന അണ്ടർ 19 ലോകകപ്പിൽ 506 റണ്‍സാണ് ബ്രെവിസ് അടിച്ചുകൂട്ടിയത്. ഇതോടെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്‍റിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും ബ്രെവിസ് സ്വന്തമാക്കി. 2004ല്‍ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്‍ നേടിയ 505 റൺസിന്‍റെ റെക്കോഡാണ് താരം മറികടന്നത്. ടൂര്‍ണമെന്‍റില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്താനും ബ്രെവിസിനായിരുന്നു.