മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സെലക്‌ടർ സാബാ കരീം. ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചുകാലമായി കാണാത്ത ഒരു പ്രതിഭ ഗില്ലിനുണ്ട്. ഇന്ത്യൻ ബാറ്റിങ് ഓർഡറിന്‍റെ നട്ടെല്ലായി മാറാൻ 23കാരന് കഴിയുമെന്നും സാബാ കരീം പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കര്‍, വിരാട് കോലി എന്നിവരുടെ പാരമ്പര്യം ഗില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും മുന്‍ സെലക്‌ടര്‍ അഭിപ്രായപ്പെട്ടു. "ഗില്ലിന്‍റെ കളി ശൈലി മികച്ചതാണ്. സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോലിയുടെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അവന് കഴിയും.
ഏറ്റവും വലിയ പരീക്ഷണം വിദേശ സാഹചര്യങ്ങളാണ്. നേരത്തെ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുമ്പോള്‍ ഗില്ലിന്‍റെ ട്രാക്ക് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അവന്‍ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരമൊരു കഴിവ് നമ്മള്‍ കാണുന്നത്. ഭാവിയിൽ, ശക്തരായ എതിരാളികൾക്കെതിരെ അവന്‍ എങ്ങനെയാവും കളിക്കുകയെന്നത് നമുക്ക് നോക്കേണ്ടതുണ്ട്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നിലവാരമുള്ള പേസ് ബോളര്‍മാരാലും ഗില്ലിനെ പരീക്ഷിക്കണം. എന്നിരുന്നാലും തുടക്കം ഗംഭീരമായിരുന്നുവെന്ന് പറയാതെ വയ്യ", സാബാ കരീം പറഞ്ഞു.
പക്വതയോടെ കളിക്കുന്ന താരം: കിവീസിനെതിരെ നല്ല പക്വതയോടെയാണ് ഗില്‍ ബാറ്റ് ചെയ്‌തതെന്നും ഭാവിയിൽ ഇതിലും മികച്ച കളിക്കാരനാകാൻ താരത്തിന് കഴിയുമെന്നും മുന്‍ സെലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. "ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ്ങിനെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്. തികഞ്ഞ പക്വതയോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.
മത്സരത്തിലെ അവബോധം, ബോളര്‍മാര്‍ക്കെതിരെ വ്യത്യസ്‌ത ഷോട്ടുകള്‍ കളിക്കുക, ഷോട്ട് സെലക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവശ്യമുള്ളപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പക്വത കൊണ്ട് ഞാൻ ഉദേശിക്കുന്നത്", സാബാ കരീം പറഞ്ഞു.
സ്ഥാനമുറപ്പിച്ച പ്രകടനം: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുമ്പോളും ഏകദിന ടീമില്‍ ഗില്ലിന്‍റെ സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. എന്നാല്‍ കിവീസിനെതിരായ പരമ്പരയില്‍ റണ്ണടിച്ച് കൂട്ടിയ താരം വിമര്‍ശകര്‍ക്ക് കൂടിയാണ് മറുപടി നല്‍കിയത്. ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ മൂന്ന് മത്സര പരമ്പരയില്‍ ആകെ 360 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്.
ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന പാക് നായകന്‍ ബാബര്‍ അസമിന്‍റെ റെക്കോഡിനൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു. ഒരു റണ്‍സ് കൂടെ നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ റെക്കോഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ ഗില്ലിന് കഴിയുമായിരുന്നു.
മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 350 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ഗില്‍. ബംഗ്ലാദേശിന്‍റെ ഇമ്രുൾ കെയ്‌സ് (349), ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്ക് (342), ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിൽ (330) എന്നിവരാണ് പട്ടികയിൽ ഗില്ലിനു പിന്നിൽ.
ALSO READ: വെറുതെ ഊര്‍ജം പാഴാക്കുന്നു; അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്