കൊളംബോ: ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന പരമ്പരക്ക് ജൂലൈ 18ന് തുടക്കം. ഒരുപിടി യുവതാരങ്ങളുമായാണ് ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഇത്തവണ ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. ടി 20 ലോകകപ്പിന് മുന്നോടിയായി യുവ കളിക്കാർക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ മുന്നിൽ വീണുകിട്ടിയ അവസരം കൂടിയാണ് ഈ പരമ്പര.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പോയതോടെയാണ് യുവ താരങ്ങള്‍ക്ക് അവസരം ലഭിച്ചത്. ശിഖർ ധവാൻ ക്യാപ്‌റ്റനും ഭുവനേശ്വർ കുമാർ വൈസ് ക്യാപ്‌റ്റനുമായ ടീമിൽ മലയാളി താരം സഞ്‌ജു സാംസണും ഇടം നേടിയിട്ടുണ്ട്. സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
പ്ലേയിങ് ഇലവനിൽ ആരൊക്കെ?
ക്യാപ്റ്റൻ ധവാനൊപ്പം ആരാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നത് ഇനിയും വ്യക്തമാക്കിയിട്ടില്ല. പൃഥ്വി ഷാക്കും, ദേവ്ദത്ത് പടിക്കലിനും സാധ്യത കൽപ്പിക്കുന്നുണ്ട്. വൺഡൗണായി സൂര്യകുമാർ യാദവ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും മനീഷ് പാണ്ഡെയെയും പരിഗണിക്കുന്നുണ്ട്. മനീഷിന് ഏകദിന കരിയർ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന അവസരമാണിത്.
സഞ്‌ജുവിനെ കൂടാതെ ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇഷാൻ കിഷൻ ടി 20യിൽ കളിക്കാൻ കിട്ടിയ അവസരത്തിൽ തിളങ്ങിയിരുന്നു. സഞ്‌ജുവിന് ഏറെ അവസരങ്ങൾ ലഭിച്ചെങ്കിലും സ്ഥിരതയില്ലായ്മ വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നുണ്ട്. എന്നാൽ വിക്കറ്റ് കീപ്പറായുള്ള അന്താരാഷ്ട്ര പരിചയം സഞ്ജുവിന് ഗുണം ചെയ്യാനും സാധ്യതയുണ്ട്.
ALSO READ: ഇന്ത്യയുടെ യുവ സംഘം ലങ്കയ്‌ക്കെതിരായ പരമ്പര നേടുമെന്ന് വസീം ജാഫര്‍
ഓൾറൗണ്ടർമാരായി ഹർദ്ദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ഇലവനിൽ ഇടം നേടാനും സാധ്യതയുണ്ട്. സീനിയർ താരമായ യുസ്‌വേന്ദ്ര ചഹലിനെ ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി പരിഗണിക്കാൻ സാധ്യതയുണ്ട്. ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, ചേതൻ സകറിയ എന്നിവർ പേസ് നിരയിൽ ഇടം നേടും.
പരമ്പര നേടാനുറച്ച് ശ്രീലങ്ക
അതേസമയം ഏറെ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കൻ ടീം കടന്നുപോകുന്നത്. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ കുശാൽ പെരേരയും ഫാസ്റ്റ് ബൗളർ ബിനുര ഫെർണാണ്ടോയും ടീമിലില്ലാത്തത് ലങ്കയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ദാസുൻ ഷനകയാണ് ലങ്കൻ ടീമിനെ നയിക്കുന്നത്. 1997ന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയ പരമ്പരയില്‍ മൂന്ന് മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
കാത്തിരിക്കുന്നത് ഒട്ടേറെ റെക്കോഡുകൾ
ഒട്ടേറെ റെക്കോഡുകൾ കാത്തിരിക്കുന്ന പരമ്പര കൂടിയാണിത്. ഏകദിനത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 23 റണ്‍സ് മാത്രമാണ് നായകന്‍ ശിഖര്‍ ധവാന് വേണ്ടത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടം ധവാന് സ്വന്തമാക്കാനാവും. കൂടാതെ 17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കയ്‌ക്കെതിരേ 1000 ഏകദിന റണ്‍സെന്ന നാഴികക്കല്ലും ധവാന് പിന്നിടാനാവും. ഇന്ത്യക്കായി ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ധവാനെ കാത്തിരിക്കുന്നുണ്ട്.
ALSO READ: ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്‌മാൻ; റസ്സൽ അർനോൾഡ്
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ യുസ്‌വേന്ദ്ര ചഹാലിന് എട്ട് വിക്കറ്റ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാം. ഈ പരമ്പരയിൽ സഞ്ജു അരങ്ങേറ്റം കുറിച്ചാൽ ടി20യില്‍ അരങ്ങേറ്റം കുറിച്ച് ആറ് വർഷത്തിന് ശേഷം ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന താരം എന്ന റെക്കോഡും സഞ്ജുവിന് ലഭിക്കും.
ടീം ഇവരിൽ നിന്ന്
- ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ.
- ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷാന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന.
ALSO READ: '2021 അവന്‍റെ വര്‍ഷമാണ്'; ലങ്കയ്‌ക്കതിരെ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ പിന്തുണച്ച് ആകാശ് ചോപ്ര