മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ സജീവമാണ്. നിലവില്‍ വെറ്ററന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി മാറ്റി നിര്‍ത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിശബ്‌ദമായ ഒരു തലമുറമാറ്റത്തിന് ബിസിസിഐ തുടക്കം കുറിച്ചതായി പൊതുവെ സംസാരമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli ) ഉള്‍പ്പെടെയുള്ള വെറ്ററന്മാര്‍ കളമൊഴിഞ്ഞാല്‍ ആരാവും ടീമിനെ മുന്നോട്ട് നയിക്കുക എന്ന ചോദ്യം പ്രസക്തമാണ്.
ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍ (Wasim Jaffer ). രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന താരങ്ങള്‍ ശുഭ്‌മാൻ ഗില്ലും (Shubman Gill) യശസ്വി ജയ്‌സ്വാളുമാണെന്നാണ് വസീം ജാഫർ നിർദേശിച്ചിരിക്കുന്നത്.
'ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നയാളെന്ന് ഞാന്‍ കരുതുന്നതില്‍ ആദ്യത്തെയാള്‍ യശ്വസി ജയ്‌സ്വാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ഒരു താരമായാണ് ഞാന്‍ അവനെ കാണുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമായിരുന്നു യശ്വസി ജയ്‌സ്വാള്‍ (Yashasvi Jaiswal ) നടത്തിയത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വിളിയെത്തിയതിന് ശേഷം ടെസ്റ്റില്‍ മികച്ച തുടക്കം കുറിക്കാനും അവന് കഴിഞ്ഞു. ഈ പട്ടികയില്‍ ഞാൻ എടുക്കുന്ന രണ്ടാമത്തെ പേര് ശുഭ്‌മാൻ ഗില്ലിന്‍റേതാണ്. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കിൽ, രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ശക്തരായ മത്സരാർഥികള്‍ ഈ രണ്ട് പേരും തന്നെയാണ്' -വസീം ജാഫർ പറഞ്ഞു.
സായ് സുദർശന്‍ ഭാവിയില്‍ ഒരു മികച്ച താരമായി വളരുമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. 'സായ് സുദർശൻ എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ട ഒരു കളിക്കാരനാണ്. അവൻ ഐപിഎല്ലിൽ കളിച്ച രീതി, അതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന എമേർജിങ് ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ എയ്‌ക്ക് എതിരെ സെഞ്ച്വറിയുമായും അവന്‍ തിളങ്ങി. ഭാവിയില്‍ ഒരു മികച്ചതാരമായി വളരാന്‍ അവന് കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്' -വസീം ജാഫര്‍ പറഞ്ഞു നിര്‍ത്തി.
അതേസയമം നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്‌ക്കായി കളിക്കുകയാണ് യശ്വസി ജയ്‌സ്വാളും ശുഭ്‌മാന്‍ ഗില്ലും. പരമ്പരയിലെ ആദ്യ ടെസ്റ്റിലൂടെയായിരുന്നു ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ സെഞ്ച്വറിയുമായും താരം തിളങ്ങി. 387 പന്തുകളില്‍ നിന്നും 171 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വാള്‍ നേടിയത്. മത്സരത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.
രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായും ജയ്‌സ്വാള്‍ തിളങ്ങി. 74 പന്തുകളില്‍ 54 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എന്നാല്‍ പരമ്പരയില്‍ ഇതേവരെ കളിച്ച രണ്ട് ഇന്നിങ്‌സുകളിലും ശുഭ്‌മാന്‍ ഗില്ലിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.