ഡല്‍ഹി : വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താരലേലം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ തന്‍റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെ അഭിനന്ദിച്ച് രോഹിത് ശര്‍മ. 'നമ്മുടെ കുടുംബം ഇപ്പോൾ വലുതും ശക്തവുമാണ്' എന്ന് രോഹിത് ട്വീറ്റ് ചെയ്‌തു. വനിത ടീമിനെ നീലയും സ്വർണ നിറവും കലര്‍ന്ന മുംബൈയുടെ കുപ്പായത്തില്‍ കാണാൻ കാത്തിരിക്കുകയാണെന്നും പുരുഷ ടീമിന്‍റെ നായകന്‍ കൂടിയായ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍ ഉള്‍പ്പടെയുള്ള താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് ലേലത്തിലൂടെ സ്വന്തമാക്കിയത്. 1.80 കോടി രൂപയാണ് മുംബൈ ഹര്‍മനായി മുടക്കിയത്. ശക്തമായ ലേലം വിളിയാണ് 33കാരിയായ ഹര്‍മനായി നടന്നത്.
താരത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മുംബൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയത് ഡല്‍ഹി കാപിറ്റല്‍സാണ്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ നതാലി സ്‌കിവര്‍, ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ അമേലിയ കെര്‍, ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പൂജ വസ്‌ത്രാകര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്‌തിക ഭാട്ടിയ, ഓസീസ് താരം ഹെതർ ഗ്രഹാം എന്നിവരടങ്ങിയ കരുത്തുറ്റ നിരയെയാണ് മുംബൈ സ്വന്തമാക്കിയത്.
നതാലി സ്‌കിവര്‍ക്കായാണ് ഫ്രാഞ്ചൈസി ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. 3.2 കോടിയാണ് താരത്തിനായി മുംബൈ വീശിയത്. പൂജ വസ്‌ത്രാകര്‍, യാസ്‌തിക ഭാട്ടിയ, അമേലിയ കെര്‍ എന്നിവര്‍ക്കായും ഫ്രാഞ്ചൈസി ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ചിലവഴിച്ചിട്ടുണ്ട്.
മുംബൈ ഇന്ത്യൻസ് ഫൈനൽ സ്ക്വാഡ്: ഹർമൻപ്രീത് കൗർ, നതാലി സ്കീവർ, അമേലിയ കെർ, പൂജ വസ്ത്രകർ, യാസ്തിക ഭാട്ടിയ, ഹീതർ ഗ്രഹാം, ഇസബെല്ലെ വോങ്, അമൻജോത് കൗർ, ധാര ഗുജ്ജർ, സൈക ഇഷാക്ക്, ഹെയ്‌ലി മാത്യൂസ്, ക്ലോ ട്രിയോൺ,ഹുമൈറ കോളജ്, പ്രിയങ്ക ബാല, സോനം യാദവ്, ജിന്താമണി കലിത, നീലം ബിഷ്ത്
ഡബ്ല്യുപിഎല്‍ പൂരം മാര്‍ച്ചില്‍ : വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ ഷെഡ്യൂള്‍ നേരത്തെ തന്നെ ബിസിസിഐ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ ഡബ്ല്യുപിഎല്‍ സീസണ്‍ 26നാണ് അവസാനിക്കുക. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ബ്രബോണ്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പില്‍ ആകെ 22 മത്സരങ്ങള്‍ ഉണ്ടായിരിക്കും. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഗുജറാത്ത് ജയന്‍റ്‌സും മുംബൈ ഫ്രാഞ്ചൈസിയുടെ ടീമും തമ്മിലാകും ഉദ്‌ഘാടന മത്സരം നടക്കുക എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
-
One family is now bigger and stronger! Congratulations @mipaltan on a successful auction. Looking forward to seeing our women’s team in Blue & gold.
— Rohit Sharma (@ImRo45) February 14, 2023 " class="align-text-top noRightClick twitterSection" data="
">One family is now bigger and stronger! Congratulations @mipaltan on a successful auction. Looking forward to seeing our women’s team in Blue & gold.
— Rohit Sharma (@ImRo45) February 14, 2023One family is now bigger and stronger! Congratulations @mipaltan on a successful auction. Looking forward to seeing our women’s team in Blue & gold.
— Rohit Sharma (@ImRo45) February 14, 2023
സംപ്രേഷണാവകാശം വയാകോമിന് : പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശം വയാകോം 18 ആണ് സ്വന്തമാക്കിയിട്ടുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ സ്വന്തമാക്കിയിട്ടുള്ളത്. 951 കോടി രൂപയാണ് കമ്പനി കരാറിനായി ചെലവാക്കിയിരിക്കുന്നത്.