മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് വേണ്ടി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ഉണ്ടായിരിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള പ്രധാന ചര്‍ച്ചാവിഷയം. ഏകദിന ലോകകപ്പിന് പിന്നാലെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ഇരുവരും ഇടവേളയെടുത്ത് മാറി നിന്നതോടെയാണ് ഇത്തരത്തില്‍ ചര്‍ച്ചകളും ആരംഭിച്ചത്. കൂടാതെ, രോഹിത് ശര്‍മ തന്നെ ടി20 മത്സരങ്ങള്‍ക്ക് പരിഗണിക്കരുതെന്ന ആവശ്യം ബിസിസിഐയോട് ഉന്നയിക്കുകയും ചെയ്‌തിരുന്നു.
ഇതോടെയാണ് ഇരുവരുടെയും ലോകകപ്പ് സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍. രോഹിതും കോലിയും ഇല്ലാതെയാണ് ഇന്ത്യ ടി20 ലോകകപ്പിന് എത്തുന്നതെങ്കില്‍ അത് ഏറ്റവും വലിയ മണ്ടത്തരമായി മാറുമെന്ന് റസല്‍ അഭിപ്രായപ്പെട്ടു.
'ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. വമ്പന്‍ പോരാട്ടങ്ങളില്‍ പലപ്പോഴും മികവ് കാട്ടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയും വലിയ സംഭാവനകള്‍ അവര്‍ നല്‍കി.
ടി20 ലോകകപ്പിന് അവര്‍ രണ്ട് പേരും ഇല്ലാതെയാണ് ഇന്ത്യ ടീമിനെ അയക്കുന്നതെങ്കില്‍ അത് ഏറ്റവും വലിയ മണ്ടന്‍ തീരുമാനമായി മാറും. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്‍റുകളില്‍ താരങ്ങളുടെ അനുഭവ പരിചയം ടീമുകള്‍ക്ക് ഏറെ ആവശ്യമാണ്. മത്സരപരിചയം കുറവുള്ള 11 പേരെ ഒരിക്കലും കളിക്കളത്തിലേക്ക് അയക്കരുത്. സീനിയര്‍ താരങ്ങളുടെ പിന്തുണ അവര്‍ക്കും ആവശ്യമായി വരും. കഴിവുറ്റ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പവുമുണ്ട്.
അവര്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍, സമ്മര്‍ദഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിചയസമ്പന്നരായ താരങ്ങളുടെ സേവനം ടീമുകള്‍ക്ക് ആവശ്യമാണ്.
രോഹിത് വലിയ മത്സരങ്ങള്‍ കളിക്കാന്‍ ഇഷ്‌ടപ്പെടുന്ന താരമാണ്. വിരാടിന് ലോകകപ്പ് പോലുള്ള വലിയ വേദികളോടാണ് പ്രിയം. അത്തരം സാഹചര്യങ്ങളെ നേരിടുമ്പോള്‍ അവര്‍ ഒരിക്കലും പരിഭ്രാന്തരാകില്ലെന്നത് ഉറപ്പാണ്. ലോകകപ്പ് ടീമിനെ സെലക്‌ട് ചെയ്യുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയരുന്ന കാര്യങ്ങള്‍ കേട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്'- ആന്ദ്രേ റസല്‍ പറഞ്ഞു.
2022 ടി20 ലോകകപ്പിലെ സെമി ഫൈനലിലായിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി ഒരു ടി20 മത്സരം കളിച്ചത്. ഇനി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഇരുവരും ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്.