മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുമ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ലിനരികെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. മത്സരത്തില്‍ 25 റൺസ് കൂടി നേടിയാൽ ടി20 ഫോര്‍മാറ്റില്‍ 10,000 റൺസ് ക്ലബ്ബിലെത്താന്‍ താരത്തിനാവും. ഇതോടെ വിരാട് കോലിക്ക് എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യ ഇന്ത്യൻ താരമാകും രോഹിത്.
നേരത്തെ കോലിയടക്കം ആറ് താരങ്ങള്‍ ഈ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ക്രിസ് ഗെയ്‌ല്‍, ഷൊയ്‌ബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് യഥാക്രമം പട്ടികയിലുള്ളത്. ഫോമില്ലായ്‌മ വലയ്‌ക്കുന്ന രോഹിത്തിന് പഞ്ചാബിനെതിരെ സുപ്രധാന നേട്ടം അടിച്ചെടുക്കാന്‍ ആവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
രാത്രി ഏഴരയ്ക്ക് പൂനെയിലാണ് ഇരു സംഘങ്ങളും ഏറ്റുമുട്ടുന്നത്. സീസണിലെ ആദ്യത്തെ നാലു മത്സരങ്ങളിലും തോറ്റ രോഹിത് ശര്‍മയുടെ മുംബൈയ്ക്ക് ഇനിയൊരു പരാജയം താങ്ങാനാവില്ല. നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ.
also read: ഏഷ്യ കപ്പ് ആതിഥേയത്വം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും: രണതുംഗ
മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് ജയം നേടിയിട്ടുണ്ട്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണവര്‍. ഇതുവരെ 28 മത്സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്.
ഇതില്‍ 15 മത്സരങ്ങളില്‍ മുംബൈയും 13 കളികളില്‍ പഞ്ചാബും ജയിച്ചുകയറി. കഴിഞ്ഞ സീസണില്‍ രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു.