മുംബൈ : ഐപിഎല്ലിലെ കൂടുതല്‍ മത്സരങ്ങളും മുംബൈ നഗരത്തില്‍ കളിക്കുന്നത് ടീമിന് അധിക നേട്ടമല്ലെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താരതമ്യേന പുതിയ ടീമിലെ പലരും കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്നും രോഹിത് പറഞ്ഞു.
"നിങ്ങൾ ലേലം കണ്ടുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, താരതമ്യേന പുതിയ ടീം, ധാരാളം പുതിയ കളിക്കാര്‍ ടീമിലേക്ക് വന്നിട്ടുണ്ട്, അതിനാൽ അധിക നേട്ടങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല, കാരണം ടീമിലെ 70 (അല്ലെങ്കിൽ) 80 ശതമാനം കളിക്കാര്‍ മുമ്പ് മുംബൈയില്‍ കളിച്ചിട്ടില്ല. ഇക്കാരണത്താല്‍ ടീമിന് ഒരു അധിക നേട്ടവുമില്ല" - രോഹിത് വെർച്വൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"ഞാനും, സൂര്യ (സൂര്യകുമാർ യാദവ്), (കീറോൺ) പൊള്ളാർഡ്, ഇഷാൻ (കിഷൻ), (ജസ്പ്രീത്) ബുംറ എന്നിവർ മാത്രമാണ് മുംബൈയില്‍ ഒരുപാട് കളിച്ചിട്ടുള്ളത്. മറ്റുള്ളവർ കളിച്ചിട്ടില്ല, അതിനാൽ അധിക നേട്ടമൊന്നുമില്ല" - രോഹിത് ആവർത്തിച്ചു.
''ഞങ്ങൾ എല്ലാവരും രണ്ട് വർഷത്തിന് ശേഷമാണ് ബോംബെയിൽ കളിക്കുന്നത്, ഞങ്ങൾ മുംബൈയിൽ (വാങ്കഡെ) ഒരു മത്സരം പോലും കളിച്ചിട്ടില്ല, വാസ്തവത്തിൽ മറ്റ് ഫ്രാഞ്ചൈസികൾ കഴിഞ്ഞ വർഷം ബോംബെയിൽ കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് കളിക്കാൻ കഴിഞ്ഞില്ല, അതിനാൽ പ്രയോജനമില്ല ” - രോഹിത് പറഞ്ഞു.
ബാറ്റര്‍ സൂര്യകുമാർ യാദവ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നും, അവിടെ നിന്നുള്ള അനുമതി ലഭിച്ച ശേഷം മാത്രമേ ടീമിനൊപ്പം ചേരൂവെന്നും രോഹിത് അറിയിച്ചു. താനും ഇഷാന്‍ കിഷനുമാവും ടീമില്‍ ഓപ്പണറര്‍മാരായെത്തുകയെന്നും രോഹിത് വ്യക്തമാക്കി. വരുന്ന സീസണിൽ ഒരു ഇന്നിങ്സിന് രണ്ട് ഡിആർഎസ് എന്ന നീക്കത്തേയും താരം സ്വാഗതം ചെയ്തു.
also read: IPL | സീസണില്‍ കരുതിയിരിക്കേണ്ട അഞ്ച് അരങ്ങേറ്റക്കാര്‍
ശനിയാഴ്‌ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന്‍റെ 15ാം സീസണിന് തുടക്കമാവുക. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലും പുനെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലുമാണ് ഇത്തവണത്തെ ഐപിഎല്‍.