സിഡ്‌നി: നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് ഓസ്‌ട്രേലിയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഇന്ത്യയും ഓസ്‌ട്രേലിയയുമായിരിക്കും ഫൈനല്‍ കളിക്കുകയെന്ന് പോണ്ടിങ് പറഞ്ഞു. ഇതില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പടിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം. ടൂര്‍ണമെന്‍റ് സ്വന്തം മണ്ണില്‍ നടക്കുന്നതാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും താരം വ്യക്തമാക്കി. ഇന്ത്യയ്‌ക്കും ഓസീസിനും പുറമെ ഇംഗ്ലണ്ടും മികച്ച പ്രകടനം നടത്തുമെന്നും, മൂന്ന് ടീമിലും മികച്ച മാച്ച് വിന്നര്‍മാരുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ പാകിസ്ഥാന് കിരീട സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പേസർ ഷഹീൻ അഫ്രീദി, ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ താരങ്ങളുടെ ക്ലാസ് അംഗീകരിക്കുന്നുണ്ടെങ്കിലും, ക്യാപ്‌റ്റന്‍ ബാബര്‍ അസമിന്‍റെ പ്രകടനത്തെ ടീം കൂടുതല്‍ ആശ്രയിക്കുന്നതായാണ് പോണ്ടിങ് പറയുന്നത്. ഇതോടെ ബാബറിന് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നാല്‍ ടീമിന്‍റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമെന്നാണ് പോണ്ടിങ് പറയുന്നത്.
അതേസമയം ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം യുഎഇയിലും ഒമാനിലും നടന്ന ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്‌തു.
also read: മുരളി വിജയ്ക്ക് മുമ്പില്‍ ‘ഡികെ’ വിളികളുമായി ആരാധകർ ; കൈകൂപ്പി താരം - വീഡിയോ