മുംബൈ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്യാപ്‌റ്റന്‍സി പൂര്‍ണമായും ഹര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഏല്‍പ്പിക്കണമെന്ന് അഭിപ്രായവുമായി മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി (Ravi Shastri). താന്‍ പൂര്‍ണമായും ആരോഗ്യവാനാണെങ്കില്‍ ഈ വര്‍ഷം തന്നെ ടീമിന്‍റെ നായകസ്ഥാനം പാണ്ഡ്യ ഏറ്റെടുക്കണമെന്ന് ശാസ്‌ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇന്ത്യന്‍ മുന്‍ താരത്തിന്‍റെ പ്രതികരണം.
'ഏകദിന ലോകകപ്പിന് ശേഷം, മതിയായ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ അവന്‍ ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കണം'- ശാസ്‌ത്രി പറഞ്ഞു.
രോഹിത് ശര്‍മയ്‌ക്ക് ശേഷം ഇന്ത്യയെ ആര് നയിക്കും എന്നതില്‍ പലര്‍ക്കും പല അഭിപ്രയമായിരുന്നു ഉണ്ടായിരുന്നത്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്‌പ്രീത് ബുംറ, റിഷഭ് പന്ത് എന്നിങ്ങനെ നിരവധി സീനിയര്‍ താരങ്ങളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നുകേട്ടത്.
പിന്നീടായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ പേരും പലരും എടുത്ത് പറയാന്‍ തുടങ്ങിയത്. 2022ല്‍ നായകസ്ഥാനം ഏറ്റെടുത്ത ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പലരും ഹര്‍ദിക്കിന്‍റെ പേരും ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് ഉയര്‍ത്താനും തുടങ്ങിയത്.
പിന്നാലെ നടന്ന പരമ്പരകളില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആയിട്ടും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കളത്തിലിറങ്ങി. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യ കളിച്ച പല ടി20 പരമ്പരകളിലും ടീമിനെ നയിച്ചത് ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം നല്‍കിയാണ് പലപ്പോഴും ബിസിസിഐ ഹര്‍ദികിന് കീഴില്‍ ഇന്ത്യന്‍ ടീമിനെ പരമ്പരകള്‍ക്കായി അയച്ചത്. ഈ സമയങ്ങളില്‍ ടെസ്റ്റ്-ഏകദിന ക്രിക്കറ്റില്‍ രോഹിത് തന്നെ ആയിരുന്നു ഇന്ത്യയെ നയിച്ചത്.
അതേസമയം, ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തണമെന്ന് നേരത്തെ പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ അഭിപ്രായമാണ് രവി ശാസ്‌ത്രിക്ക് ഉള്ളത്. ഹര്‍ദിക്കിന്‍റെ ശരീരത്തിന് ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് ശാസ്‌ത്രി വ്യക്തമാക്കി.
2018 ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഹര്‍ദിക് പാണ്ഡ്യ അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചത്. തുടര്‍ന്ന് പരിക്കേറ്റ് ടീമിന് പുറത്ത് പോയ താരം മടങ്ങിയെത്തിയെങ്കിലും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് താന്‍ ആ മത്സരം കളിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പാണ്ഡ്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഇടം പിടിച്ചിട്ടുണ്ട്. ഏകദിന ടീമിലാണ് വൈസ് ക്യാപ്‌റ്റനായ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.