മുംബൈ: ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ദേശിയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്‌മണിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ന്യൂസിലൻഡിലേക്ക് തിരിച്ചത്. ഇപ്പോൾ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്‌ത്രി.
'വിശ്രമം എടുക്കുന്നതിൽ എനിക്ക് വിശ്വാസമില്ല. കാരണം എനിക്ക് എന്‍റെ ടീമിനെയും താരങ്ങളേയും കൂടുതൽ മനസിലാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ടീമിനെ നിയന്ത്രണത്തിലെത്തിക്കാൻ സാധിക്കുകയുള്ളു. സത്യത്തിൽ ഇത്രയും ഇടവേള എടുക്കുന്നതിന്‍റെ ആവശ്യകത എന്താണ്. ഓരോ തവണയും ഐപിഎൽ സമയത്ത് 2-3 മാസം വിശ്രമം ലഭിക്കും. ഒരു പരിശീലകന് ഈ ഇടവേള മതിയാകും. മറ്റ് സമയങ്ങളിൽ കോച്ച് ടീമിനൊപ്പം തന്നെ ഉണ്ടാകണം'. രവി ശാസ്‌ത്രി പറഞ്ഞു.
അതേസമയം ടി20 ക്രിക്കറ്റിൽ വിജയിക്കണമെങ്കിൽ ഇംഗ്ലണ്ടിനെപ്പോലെ സ്‌പെഷ്യലിസ്റ്റുകളെ ടീമിൽ കൂടുതൽ ഉൾപ്പെടുത്തണമെന്നും രവി ശാസ്‌ത്രി പറഞ്ഞു. 'ഏതെങ്കിലും ഒരു കാര്യം മാത്രമായി ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ടീമിലെ ഓരോ കളിക്കാരന്‍റെയും റോളുകളെക്കുറിച്ച് വ്യക്തത നല്‍കാനും മാച്ച് വിന്നര്‍മാരെ കണ്ടെത്താനും ന്യൂസിലൻഡുമായുള്ള ഈ പര്യടനം സഹായിക്കും.
2015ലെ ലോകകപ്പിലെ തിരിച്ചടിക്കുശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് തുടങ്ങിവെച്ച വിപ്ലവം പകര്‍ത്തിയാലെ ഇന്ത്യക്കും മുന്നേറാനാവൂ. അതിനുവേണ്ടി ചില സീനിയര്‍ താരങ്ങളെ പുറത്തിരുത്തേണ്ടിവന്നാല്‍ ഇരുത്തണം. യുവതാരങ്ങള്‍ക്ക് നിര്‍ഭയമായി കളിക്കാന്‍ അവസരം നല്‍കണം. ഇന്ത്യക്ക് അതിനുള്ള പ്രതിഭ സമ്പത്തുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുകയേ വേണ്ടുള്ളു.' ശാസ്‌ത്രി കൂട്ടിച്ചേർത്തു.