റാഞ്ചി: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിന്‍റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം മികച്ച സ്‌കോറിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ദിനം ആറ് വിക്കറ്റ് നഷ്‌ടത്തിൽ 276 റണ്‍സ് നേടി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ നായകൻ സഞ്ജു സാംസണ്‍(72), രോഹൻ പ്രേം(79), രോഹൻ കുന്നുമ്മൽ(50) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്.
നിലവിൽ സിജോമോൻ ജോസഫ്(28), അക്ഷയ് ചന്ദ്രൻ(39) എന്നിവരാണ് ക്രീസിൽ. ഓപ്പണർമാരായ രോഹൻ പ്രേം(79), രോഹൻ കുന്നുമ്മൽ(50) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിനായി നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 90 റണ്‍സിന്‍റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടനെ രോഹൻ പുറത്തായി.
പിന്നാലെ ക്രീസിലെത്തിയ ഷോണ്‍ ജോർജ്(1), സച്ചിൻ ബേബി(0) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ സഞ്ജു സാംസണ്‍ രോഹനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു ഏഴ് സിക്‌സും, നാല് ഫോറുമാണ് അടിച്ചത്. സഞ്ജുവും രോഹനും ചേർന്ന് 91 റണ്‍സാണ് കൂട്ടിച്ചേർത്തത്.
ഇതിനിടെ രോഹൻ (201 പന്തിൽ 79) പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഇതിനിടെ ജലജ് സക്‌സേനയും(0) പുറത്തായി. ചായയ്‌ക്ക് ശേഷം സഞ്ജുവിനെയും കേരളത്തിന് നഷ്‌ടമായി. 108 പന്തിൽ നിന്നായിരുന്നു സഞ്ജു 72 റണ്‍സ് സ്വന്തമാക്കിയത്. ജാർഖണ്ഡിനായി ഷഹ്ബാസ് നദീം മൂന്നും ഉത്കര്‍ഷ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.