തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സർവീസസിനെതിരെ കേരളത്തിന് 204 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. കേരളം ഉയര്‍ത്തിയ 341 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സര്‍വീസസ് 136 റണ്‍സിന് പുറത്താവുകയായിരുന്നു. എട്ട് വിക്കറ്റ് വീഴ്‌ത്തി സ്‌പിന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് സര്‍വീസസിനെ പൊളിച്ചടുക്കിയത്.
രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റുകളാണ് സക്‌സേന സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്‍റെ 327 റണ്‍സിന് മറുപടിക്കിറങ്ങിയ സര്‍വീസസ് 229 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 98 റണ്‍സിന്‍റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ ഏഴിന് 242 എന്ന നലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ സര്‍വീസസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ഓപ്പണര്‍ ശുഭം രോഹില്ലയുടെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്. 55 പന്തില്‍ 28 റണ്‍സെടുത്ത രോഹില്ലയെ വൈശാഖ് ചന്ദ്രനാണ് പുറത്താക്കിയത്. സര്‍വീസസിന്‍റെ ടോപ് സ്‌കോറായ സൂഫിയാന്‍ ആലാമിനെ സക്‌സേന റണ്ണൗട്ടാക്കുകയായിരുന്നു.
108 പന്തില്‍ 52 റണ്‍സാണ് സൂഫിയാന്‍ നേടിയത്. ബാക്കി മുഴുവന്‍ വിക്കറ്റുകളും സക്‌സേന തന്‍റെ അക്കൗണ്ടിലാക്കി. 18 റണ്‍സെടുത്ത പൂനം പൂനിയയാണ് രണ്ടക്കം തൊട്ട മറ്റൊരു സര്‍വീസസ് താരം.
93 റൺസെടുത്ത സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്‍റെ ടോപ് സ്കോറായത്. ഗോവിന്ദ് വത്‌സല്‍ (48), സല്‍മാന്‍ നിസാര്‍ (40) എന്നിവരും തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ മുന്‍ നിര തകര്‍ന്ന് പ്രതിരോധത്തിലായ കേരളത്തെ സച്ചിന്‍ ബേബി തന്നെയായിരുന്നു സെഞ്ചുറി പ്രകടനത്തോടെ കരകയറ്റിയത്.
308 പന്തില്‍ 159 റണ്‍സെടുത്താണ് താരം തിളങ്ങിയത്. സിജോമോന്‍ ജോസഫ് അര്‍ധ സെഞ്ചുറിയുമായി പന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും മൂന്ന് വീതം വിക്കറ്റുകള്‍ വീതം നേടി. നിഥീഷ് എംഡിയും വൈശാഖ് ചന്ദ്രനും രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമക്കി.
Also read: Watch: കലക്കന്‍ ചുവടുമായി വിരാട് കോലിയും ഇഷാനും-വൈറല്‍ വീഡിയോ കാണാം