തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ ഛത്തീസ്‌ഗഡിനെതിരായ മത്സരത്തിൽ കേരളം വിജയത്തിലേക്ക്. മത്സരത്തിൽ ഒരു ദിനം മാത്രം ശേഷിക്കെ 126 റണ്‍സ് മാത്രമാണ് കേരളത്തിന് വിജയിക്കാൻ വേണ്ടത്. അവേശകരമായ മത്സരത്തിന്‍റെ മൂന്നാം ദിനത്തിൽ ഛത്തീസ്‌ഗഡിനെ 287 റണ്‍സിന് പുറത്താക്കിയാണ് കേരളം ചെറിയ വിജയലക്ഷ്യം നേടിയെടുത്തത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്‌സേനയാണ് ഛത്തീസ്‌ഗഡ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.
ഒന്നാം ഇന്നിങ്‌സിൽ 162 റണ്‍സിന്‍റെ ലീഡായിരുന്നു ഛത്തീസ്‌ഗഡിനുണ്ടായിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഛത്തീസ്‌ഗഡിനെ ഒന്നാം ഇന്നിങ്‌സിൽ 149 റണ്‍സിനൊതുക്കിയ കേരളം മറുപടി ബാറ്റിങ്ങിനിറങ്ങി 311 റണ്‍സിന് പുറത്താവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്‌ഗഡിന്‍റെ ആദ്യ രണ്ട് വിക്കറ്റുകളും പത്ത് റണ്‍സ് നേടുന്നതിനിടെ തന്നെ കേരളം സ്വന്തമാക്കിയിരുന്നു.
വേട്ട തുടർന്ന് സക്‌സേന : രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 10 റണ്‍സ് എന്ന നിലയിലാണ് ഛത്തീസ്‌ഗഡ് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് തകർപ്പൻ സെഞ്ച്വറിയുമായി പിടിച്ചു നിന്ന നായകൻ ഹർപ്രീത് സിങ് ഭാട്ടിയയാണ്(152) ഛത്തീസ്‌ഗഡിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മൂന്നാം ദിനം ടീം സ്‌കോർ 55 ൽ നിൽക്കെ അമൻദീപ് ഖാരെയെ(30) മടക്കിയാണ് കേരളം വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നാലെ ശശാങ്ക് സിങ്(16), അജയ് മണ്ഡൽ(22) എന്നിവരും പുറത്തായി. ഇതിനിടെ മറുവശത്ത് തകർത്തടിക്കുകയായിരുന്ന ഭാട്ടിയ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ മായങ്ക് യാദവും പുറത്തായി. ഇതിനിടെ ഹർപ്രീത് സിങ് 150 റണ്‍സും തികച്ചു. പിന്നാലെ ജലജ് സക്‌സേനയുടെ പന്തിൽ താരം പുറത്താവുകയായിരുന്നു. 228 പന്തിൽ മൂന്ന് സിക്‌സിന്‍റെയും 12 ഫോറിന്‍റെയും അകമ്പടിയോടെയാണ് ഹർപ്രീത് സിങ് 152 റണ്‍സ് നേടിയത്.
ഹർപ്രീത് സിങ് പുറത്തായതോടെ ഛത്തീസ്‌ഗഡ് ബാറ്റിങ് നിരയും തകർന്നു. പിന്നാലെ മായങ്ക് യാദവ് (5), എം എസ് ഹുസൈൻ (20), സുമിത് റൂയികർ (13), സൗരഭ് മജൂംദാർ(1) എന്നിവരും പുറത്തായി. സക്‌സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റും ബാസിൽ എൻ പി, ഫനൂസ് എഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ആദ്യ ഇന്നിങ്‌സിലും സക്‌സേന അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു. ഇതോടെ രണ്ട് ഇന്നിങ്‌സിലുമായി ആകെ വിക്കറ്റ് നേട്ടം 11 ആയി.
ALSO READ: 2022ലെ മികച്ച ടി20 ക്രിക്കറ്റര്‍ : നോമിനേഷനിൽ ഇടം നേടി സൂര്യകുമാർ യാദവും
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കേരള സ്‌കോർ ബോർഡ് ഉയർന്നു.
ആദ്യം രോഹനും(77) പിന്നാലെ സച്ചിനും (77) അര്‍ധ സെഞ്ച്വറി നേടി. ഇവരെ കൂടാതെ 46 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണിന് മാത്രമാണ് കേരള നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ഛത്തീസ്‌ഗഡിന് വേണ്ടി സുമിത് രുയ്‌കര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. അജയ് മണ്ഡൽ രണ്ട് വിക്കറ്റും രവി കിരണ്‍, സൗരഭ് മജുംദാർ, മായങ്ക് യാദവ്, ശശാങ്ക് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി.