ലാഹോര്‍: ഏകദിന ലോകകപ്പില്‍ പാക് ടീം കളിച്ചില്ലെങ്കില്‍ കാണാന്‍ ആളുണ്ടാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജ. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കില്‍, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് ഉറച്ചതാണെന്ന് റമീസ് രാജ പറഞ്ഞു.
"അവർ (ഇന്ത്യൻ ടീം) വന്നാൽ ഞങ്ങൾ ലോകകപ്പിന് പോകും, വന്നില്ലെങ്കിൽ അവർ അത് ചെയ്യട്ടെ എന്നതാണ് ഞങ്ങളുടെ നിലപാട്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ അവർ പാക്കിസ്ഥാനില്ലാതെ കളിക്കട്ടെ. പാകിസ്ഥാൻ പങ്കെടുത്തില്ലെങ്കിൽ ലോകകപ്പ് ആരു കാണും?", റമീസ് രാജ പറഞ്ഞു.
സമീപ കാലത്തായി പാക് ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾ ആക്രമണാത്മക സമീപനം സ്വീകരിക്കും, ഞങ്ങളുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഉണ്ടാക്കുന്ന ക്രിക്കറ്റ് ടീമിനെ ഞങ്ങൾ പരാജയപ്പെടുത്തി.
ഞങ്ങൾ ടി20 ലോകകപ്പിന്‍റെ ഫൈനൽ കളിച്ചു. പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, ഞങ്ങളുടെ ടീം മികച്ച പ്രകടനം കാഴ്‌ചവച്ചാൽ മാത്രമേ അത് സംഭവിക്കൂ എന്നും ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. 2021 ടി20 ലോകകപ്പിൽ ഞങ്ങൾ അത് ചെയ്‌തു.
ഇന്ത്യയെ തോൽപ്പിച്ചു. തുടര്‍ന്ന് ഏഷ്യ കപ്പിലും ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഒരു വർഷത്തിനിടെ രണ്ട് തവണ ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ തോൽപിച്ചു". റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
2023 സെപ്‌റ്റംബറിലാണ് പാകിസ്ഥാനില്‍ ഏഷ്യ കപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഏഷ്യ കപ്പിനായി പാക് മണ്ണിലേക്ക് പോകേണ്ടതില്ലെന്നാണ് നിലവില്‍ ബിസിസിഐ തീരുമാനം.
അതേസമയം 2009ലെ ഏഷ്യ കപ്പിന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഒരു മള്‍ട്ടി-നേഷന്‍ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2009ൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ലോകമെമ്പാടുമുള്ള ടീമുകൾ രാജ്യത്തിലേക്കുള്ള പര്യടനം നിർത്തിയിരുന്നു.
തുടര്‍ന്ന് 2015ൽ സിംബാബ്‌വെ ഏകദിന പരമ്പരയ്ക്കായി രാജ്യത്ത് പര്യടനം നടത്തിയപ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്.
ഈ വര്‍ഷം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകള്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് അടുത്ത മാസം വീണ്ടും പാകിസ്ഥാനിലെത്തുന്നുണ്ട്.
Also read: സഞ്‌ജു പ്രതിഭയുള്ള താരം, അവസരം ലഭിച്ചില്ലെങ്കില്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് ആര്‍ അശ്വിന്‍