ന്യൂഡൽഹി : ഇന്ത്യൻ സീനിയർ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്കെത്തുന്ന മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന് ബിസിസിഐ റെക്കോഡ് തുക പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന ദ്രാവിഡിന് പ്രതിവർഷം 10 കോടി രൂപയാണ് ബിസിസിഐ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ഇതോടെ ഇന്ത്യൻ പരിശീലകരിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി ദ്രാവിഡ് മാറും. നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്ക് 5.5 കോടിരൂപയാണ് പ്രതിഫലം. ടി20 ലോകകപ്പിന് ശേഷമുള്ള ന്യൂസിലാൻഡ് പര്യടനം മുതലാണ് ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ച് തുടങ്ങുക. 2023 ഏകദിന ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന്‍റെ കരാർ.
ആദ്യം ഇന്ത്യൻ പരിശീലകനാകാൻ വിസമ്മതിച്ച ദ്രാവിഡ് ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ സമ്മതം മൂളിയത്. രണ്ടാം തവണയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ശ്രീലങ്കയിൽ പരമ്പര കളിച്ചിരുന്നപ്പോൾ ദ്രാവിഡ് താൽക്കാലിക കോച്ചായി പ്രവർത്തിച്ചിരുന്നു.
ALSO READ : 'കപ്പലിന് കപ്പിത്താൻ കൂടിയേ തീരൂ' ; ധോണി വിഷയത്തില്‍ സിഎസ്കെ മാനേജ്മെന്‍റ്
നിലവിൽ ദ്രാവിഡ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ്. അതേസമയം ബൗളിങ് കോച്ചായി ഭരത് അരുണിന് പകരം പരസ് മാംബ്രെയെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ബാറ്റിങ് കോച്ച് ആയി വിക്രം റാത്തോഡ് തന്നെ തുടർന്നേക്കും.