ലണ്ടൻ : കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയുടെ റൺസ് കണ്ടെത്താനുള്ള ത്വരയിലോ കളിയോടുള്ള അഭിനിവേശത്തിലോ കുറവ് വന്നിട്ടില്ലെന്നും എല്ലാം പഴയതുപോലെയാണെന്നും ദ്രാവിഡ് പറഞ്ഞു.
വിരാട് കോലി സെഞ്ച്വറി നേടണമെന്നില്ല, ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും മത്സരത്തിന് മുന്നോടിയായി കോലി നടത്തുന്ന തയാറെടുപ്പുകളും കഠിനാധ്വാനവും അവിശ്വസനീയമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനികളിൽ ഒരാളാണ് കോലി. അദ്ദേഹത്തിന്‍റെ റണ്‍ദാഹമോ കളിയോടുള്ള അഭിനിവേശമോ ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
ലെസ്റ്റര്‍ ഷെയറിനെതിരായ പരിശീലന മത്സരത്തില്‍ കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെല്ലുവിളി നിറഞ്ഞ പിച്ചിൽ സാഹചര്യത്തിനനുസരിച്ച് കളിച്ച കോലി ആദ്യ ഇന്നിങ്‌സിൽ 33 റൺസും രണ്ടാം ഇന്നിങ്‌സിൽ 67 റൺസും നേടിയിരുന്നു. ജസ്പ്രീത് ബുമ്ര അടക്കമുള്ള ബൗളര്‍മാരെ കോലി ഫലപ്രദമായി നേരിട്ടു. ഏതൊരു കളിക്കാരനും കരിയറില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവും. കോലിയുടെ കാര്യത്തിൽ പ്രചോദനമോ അഭിനിവേശമോ ഇല്ലാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.
മോശം ഫോം കാരണം, ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെയുള്ളവർ കോലിയോട് കളിയിൽ നിന്ന് ഇടവേള എടുക്കാൻ അഭ്യർഥിച്ചിരുന്നു. എല്ലാ ഫോര്‍മാറ്റിലുമായി സെഞ്ച്വറി ഇല്ലാതെ കോലി 100 മത്സരം പിന്നിട്ടുകഴിഞ്ഞു. 2019 ന് ശേഷം താരം 100 കടന്നിട്ടില്ല. തന്‍റെ ടീമുകളെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌തു.