ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) മാച്ച് റഫറിമാര്‍ അഹമ്മദാബാദ്, ചെന്നൈ പിച്ചുകള്‍ക്ക് ശരാശരി റേറ്റിങ് നല്‍കിയതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്ക് വേദികളായ സ്റ്റേഡിയങ്ങള്‍ക്കാണ് ഐസിസി ശരാശരി റേറ്റിങ് നല്‍കിയത്. ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലും എതിരാളികളെ 200 റണ്‍സില്‍ താഴെ പുറത്താക്കി മത്സരത്തില്‍ ജയം പിടിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ ചെന്നൈയില്‍ വച്ചായിരുന്നു രോഹിത് ശര്‍മയും സംഘവും നേരിട്ടത്. ഈ മത്സരത്തില്‍ ഓസീസിനെ 199 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 52 പന്തും ആറ് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 191 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ടീം ഇന്ത്യയ്‌ക്കായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 30.3 ഓവറിലായിരുന്നു ഇന്ത്യ ജയം പിടിച്ചത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പരിശീലകന്‍റെ വിമര്‍ശനം.
'350 റണ്‍സ് പിറക്കുന്ന മത്സരങ്ങള്‍ കാണാനും ആ പിച്ചുകള്‍ നല്ലതാണ് എന്ന് വിലയിരുത്താനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനോട് ഞാന്‍ ഒരിക്കലും യോജിക്കില്ല. ക്രിക്കറ്റില്‍ ഓരോ താരങ്ങളുടെയും വ്യത്യസ്‌തമായ കഴിവുകള്‍ നാം കാണേണ്ടതുണ്ട്. സിക്‌സറും ഫോറും മാത്രം കാണാനാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിനായി ടി20 ക്രിക്കറ്റ് ഉണ്ട്.
ഡല്‍ഹിയിലും പൂനെയിലും 350ന് മുകളില്‍ റണ്‍സ് പിറക്കുന്നത് കൊണ്ട് മാത്രം അതൊക്കെ എങ്ങനെയാണ് മികച്ച വിക്കറ്റുകളാകുന്നത്. അങ്ങനെയാണെങ്കില്‍ ക്രിക്കറ്റില്‍ ബൗളര്‍മാരുടെ പ്രസക്തി എന്താണ്. സ്‌പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ആ പിച്ചില്‍ അവര്‍ക്ക് ആനുകൂല്യം ലഭിച്ചാല്‍ എങ്ങനെയാണ് ആ പിച്ചിനെ ശരാശരി എന്ന് മാത്രം കണക്കാക്കാന്‍ സാധിക്കുന്നത്.
ഈ തീരുമാനത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പ് മാത്രമാണ് ഉള്ളത്. കാരണം, എല്ലാവരുടെയും കഴിവുകള്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ജഡേജയോ സാന്‍റ്‌നറോ സാംപയോ ആണ് ബൗള്‍ ചെയ്യുന്നത്.
അവര്‍ക്കെതിരെ കെയ്ന്‍ വില്യംസണ്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിക്കുന്നു. ഓസ്ട്രേലിയക്കെതിരെ വിരാടും കെഎല്‍ രാഹുലും ഇതേകാര്യമാണ് ചെയ്‌തത്. ഓരോ താരങ്ങളുടെയും ഇത്തരത്തിലുള്ള കഴിവുകളും പ്രകടിപ്പിക്കേണ്ടതുണ്ട്.
ഞങ്ങള്‍ കളിച്ചിട്ടുള്ള ചില വേദികളില്‍ മധ്യ ഓവറുകളില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. അവിടങ്ങളിലെല്ലാം ആര് കൂടുതല്‍ ബൗണ്ടറി നേടും എന്നതിലാണ് മത്സരം നടക്കാറ്. നിലവിലെ സാഹചര്യത്തില്‍ ഓരോ പിച്ചുകളുടെയും ഗുണനിലവാരം വിലയിരുത്തുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്' - ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.