ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ആദ്യ വനിത പ്രസിഡന്‍റായി പിടി ഉഷ. നാമനിർദേശ പത്രിക സമർപ്പണത്തിന്‍റെ സമയം അവസാനിച്ചപ്പോൾ മറ്റാരും നല്‍കാത്തതിനാൽ എതിരില്ലാതെയാണ് സ്ഥാനനേട്ടം. തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന ഡിസംബർ 10ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പിടി ഉഷയുടെ വിജയം ഉറപ്പിച്ചതോടെ 'ഇതിഹാസ സുവർണ പുത്രിക്ക് അഭിനന്ദനങ്ങൾ' എന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്‌തു. നിലവിൽ രാജ്യസഭാംഗമാണ് പിടി ഉഷ. ഈ വർഷം ജൂലൈയിലാണ് പിടി ഉഷയെ കേന്ദ്ര സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്. നേരത്തെ ഏഷ്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവികള്‍ ഉഷ വഹിച്ചിരുന്നു.
ALSO READ: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പിടി ഉഷ
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ആദ്യ വനിത അധ്യക്ഷ, മലയാളി പ്രസിഡന്‍റ് എന്നീ സവിശേഷതകളോടെയാണ് പിടി ഉഷ പുതിയ പദവിയിലേക്ക് എത്തുന്നത്. ശനിയാഴ്‌ചയാണ് താരം ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. മത്സരിക്കുന്ന വിവരം അവര്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.