കറാച്ചി: ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ എത്തില്ലെന്ന് അറിയച്ചതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റമീസ് രാജ ഇത്തരത്തില്‍ ഒരു ഭീഷണിയുമായി രംഗത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം റമീസ് രാജയ്‌ക്ക് പിസിബി ചെയര്‍മാന്‍ സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നജാം സേഥിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിനാണ് ബോര്‍ഡിന്‍റെ ഭരണ ചുമതല ലഭിച്ചത്. പുതയ ഭരണസമിതി തലപ്പത്ത് എത്തിയതിന് പിന്നാലെ ലോകകപ്പിനായി ഇന്ത്യയിലേക്കുള്ള പാകിസ്ഥാന്‍റെ വരവ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നജാം സേഥി രംഗത്തെത്തിയത്.
2023ലെ ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകണ്ട എന്ന് സര്‍ക്കാര്‍ വിലക്കിയാല്‍ ഞങ്ങള്‍ പോകില്ല. ഭാവി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം വരേണ്ടത് സര്‍ക്കാര്‍ തലത്തില്‍ നിന്നാണ്.
ഇത്തരം വിഷയങ്ങളിലെല്ലാം പിസിബിക്ക് വ്യക്തത തേടാൻ മാത്രമേ കഴിയൂ. സാചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മുന്നോട്ടുപോകും. തീരുമാനം എന്ത് എടുത്താലും ക്രിക്കറ്റില്‍ ഒറ്റപ്പെട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ഇതെല്ലാം സംസാരിക്കും' എന്നും നജാം സേഥി കറാച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ വേദിയാകുന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എത്തിയില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പി സി ബി ചെയര്‍മാനായിരിക്കെ റമീസ് രാജയാണ് അഭിപ്രായപ്പെട്ടത്. ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്കെത്തില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്നും ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ വിഷയത്തില്‍ വാദ പ്രതിവാദങ്ങളുമായി രംഗത്തെത്തിയത്.
തുടര്‍ന്നാണ് ലോകകപ്പ് ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള ഭീഷണി പിസിബി മുഴക്കിയത്. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ഇതിന് തൊട്ടുമുമ്പാണ് ഏഷ്യ കപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.