ലാഹോർ : പാകിസ്ഥാനിലെ ആഭ്യന്തര ടൂർണമെന്‍റായ ക്വയ്‌ദ്-ഇ-അസം ട്രോഫി മത്സരത്തിൽ ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പാക് ക്രിക്കറ്റ് താരം ആബിദ് അലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസമാണ് മത്സരത്തിനിടെ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന് ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മത്സരത്തിൽ 61 റണ്‍സുമായി മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങ് നിർത്തിവച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാകിസ്ഥാൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ ആബിദ് ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന ഫോമിലാണ് ബാറ്റ്‌വീശിയത്. പരമ്പരയിലെ താരമായും ആബിദിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ഈ വർഷം പാകിസ്ഥാനായി ടെസ്റ്റിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന നേട്ടവും ആബിദ് സ്വന്തമാക്കിയിരുന്നു.