ട്രെന്‍റ്ബ്രിഡ്‌ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്‍റി 20 മത്സരത്തിൽ പാകിസ്ഥാന് വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 223 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ളണ്ട് 19.2 ഓവറിൽ 201 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൺ നേടിയ സെഞ്ചുറിക്കും ( 43 പന്തിൽ 103 റൺസ്) ഇംഗ്ലണ്ടിനെ വിജയിപ്പിക്കാനായില്ല.
നായകൻ ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 223 എന്ന കൂറ്റൻ സ്കോറിലേക്കെത്തിയത്. ബാബർ അസം 49 പന്തിൽ 85 റണ്‍സും, റിസ്വാൻ 41 പന്തിൽ 63 റൺസുമെടുത്തു. ഫഖർ സമന്‍റെയും മുഹമ്മദ് ഹഫീസിന്‍റെയും അവസാന ഓവറുകളിലെ കൂറ്റനടികളാണ് പാകിസ്ഥാന്‍റെ സ്കോർ 200 കടത്തിയത്. ഫഖർ സമൻ എട്ട് പന്തിൽ 26ഉം മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസുമെടുത്തു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടപ്പെട്ടുവെങ്കിലും സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റൺ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകൾ നൽകിയിരുന്നു. 43 പന്തിൽ നിന്ന് ആറ് ഫോറിന്‍റെയും ഒന്‍പത് സിക്സിന്‍റെയും അകമ്പടിയോടെ 103 റൺസെടുത്ത ലിവിങ്സ്റ്റൺ പുറത്തായതോടെ ഇംഗ്ലണ്ടിന്‍റെ വിജയ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.
ALSO READ: ഇന്ത്യയുടെ യുവ സംഘം ലങ്കയ്‌ക്കെതിരായ പരമ്പര നേടുമെന്ന് വസീം ജാഫര്‍
ലിവിങ്സ്റ്റനെ കൂടാതെ ഇംഗ്ലണ്ട് നിരയിൽ നിന്ന് ജേസന്‍ റോയ് (13 പന്തില്‍ 32 റണ്‍സ്) മാത്രമാണ് കുറച്ചുനേരമെങ്കിലും പിടിച്ചുനിന്നത്. നായകന്‍ ഓയിന്‍ മോര്‍ഗന്‍ 16 റണ്‍സ് എടുത്ത് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ അഞ്ച് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മത്സര വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ 1-0 ന് മുന്നിലെത്തി.