1844-ലാണ് യുഎസും കാനഡയും തമ്മില്‍ ന്യൂയോര്‍ക്കിലാണ് ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ ഈ മത്സരം നടന്ന് 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ ഭാഗമാവുന്നത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയ കുമാര്‍ ശ്രീ രഞ്ജിത്‌സിങ്ജിയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയത്.
1896 ജൂലൈ 18-ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് പരമ്പയിലാണ് രഞ്ജിത്‌സിങ്ജി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ രഞ്ജിത്‌സിങ്ജിയുടേയും, ആദ്യ ഇന്ത്യക്കാരന്‍റേയും അരങ്ങേറ്റത്തിന് ഇന്ന് 127 വയസ് പൂര്‍ത്തിയാവുകയാണ്. ഓൾഡ് ട്രാഫോർഡില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നുവെങ്കിലും തന്‍റെ അസാമാന്യ പ്രതിഭ തെളിയിച്ച് അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ രഞ്ജിത്‌സിങ്ജിയ്‌ക്ക് കഴിഞ്ഞിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അപരാജിത സെഞ്ചുറിയും നേടിയായിരുന്നു രഞ്ജിത്‌സിങ്ജി തന്‍റെ പോരാട്ട മികവ് പുറത്തെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം റിച്ചാർഡ്‌സന്‍റെ മികവില്‍ 412 റൺസില്‍ പിടിച്ച് കെട്ടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പൊരുതി നിന്ന രഞ്ജിത്‌സിങ്ജിയുടെ പ്രകനടം ആതിഥേയര്‍ക്ക് ആശ്വാസം നല്‍കി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ 62 റൺസായിരുന്നു താരം നേടിയത്. എന്നാല്‍ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് ഫോളോ ഓണ്‍ വഴങ്ങി. രണ്ടാം ഇന്നിങ്‌സിലും മറ്റ് താരങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതിരുന്നിട്ടും കളം നിറഞ്ഞ് കളിച്ച താരം പുറത്താവാതെ 154 റൺസാണ് നേടിയത്.
മിന്നുന്ന സ്‌ട്രോക്കുകളും മിടുക്കുള്ള ഫുട്‌വർക്കുകളും നിറഞ്ഞ ഒരു മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സായിരുന്നു അദ്ദേഹം കാഴ്‌ചവച്ചത്. പുറത്തായ മറ്റുള്ള താരങ്ങളെല്ലാം ചേര്‍ന്ന് രണ്ടാം ഇന്നിറങ്‌സില്‍ ആകെ 151 റണ്‍സാണ് ഇംഗ്ലീഷ് ടീമിന്‍റെ ടോട്ടല്‍ ചേര്‍ത്തത്. ഇതോടെ മത്സരത്തില്‍ 125 റണ്‍സ് എന്ന വിജയ ലക്ഷ്യമാണ് ഓസീസിന് മുന്നില്‍ ഉയര്‍ന്നത്. 76 റണ്‍സിന് ആറ് വിക്കറ്റുമായി ടോം റിച്ചാർഡ്‌സണ്‍ മിന്നിയെങ്കിലും ഓസീസിന്‍റെ വിജയം തടയാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. മൂന്ന് വിക്കറ്റിനായിരുന്നു അന്ന് സന്ദര്‍ശകര്‍ വിജയം നേടിയത്.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ പിതാവ് എന്നാണ് രഞ്ജിത്‌സിങ്ജി അറിയപ്പെടുന്നത്. ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇദ്ദേഹത്തോടുള്ള ആദരസൂചകമായി 'രഞ്‌ജി ട്രോഫി' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. അതേസമയം 1872 സെപ്തംബർ 10 -ന്, ഇന്ത്യയിലെ കത്തിയവാറിലെ സരോദറിൽ ജനിച്ച രഞ്ജിത്‌സിങ്ജി നവനഗർ സംസ്ഥാനത്തിലെ രാജകുമാരനായിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്താണ് രഞ്ജിത്‌സിങ്ജിയുടെ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 1895 മുതൽ 1904 വരെ സസെക്‌സിനും ഇംഗ്ലണ്ടിനായി ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 1896 മുതല്‍ 1902 വരെയുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.