ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാവും. വാണ്ടറേഴ്‌സിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും നാളെ പ്രോട്ടീസിനെതിരെ ഇറങ്ങുന്നത്.
മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മുന്നിലാണ്. ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്.
വാണ്ടറേഴ്‌സിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. നേരത്തെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയിലായി.
നിലവില്‍ ഇരു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ഫോം മാത്രമാണ് ആശങ്ക. പുജാരയ്ക്ക് പകരം ഹനുമ വിഹാരി ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. വാണ്ടറേഴ്‌സിൽ ഒരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടാന്‍ പുജാരയ്‌ക്കിട്ടുണ്ട്.
അതേസമയം വാണ്ടറേഴ്‌സിൽ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോഡിന് ഏഴ് റണ്‍സ് മാത്രം പിറകിലാണ് കോലിയുള്ളത്. നേരത്തെ കളിച്ച രണ്ട് ടെസ്റ്റുകളില്‍ 310 റണ്‍സുമായി വാണ്ടറേഴ്‌സിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് കോലി. 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡാണ് ഒന്നാമതുള്ളത്.