ഹരാരെ: ഇത്തവണത്തെ ഏകദിന ലോകകപ്പിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസില്ല. ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തിലെ സൂപ്പര്‍ സിക്‌സില്‍ സ്‌കോട്‌ലന്‍ഡിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് സംഘത്തിന്‍റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റുകള്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ സ്‌കോട്‌ലന്‍ഡ് മലര്‍ത്തിയടിച്ചത്.
ഇതാദ്യമായാണ് വിന്‍ഡീസിന് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരിക്കുന്നത്. കൂടാതെ വിന്‍ഡിനെതിരെ ഏകദിനത്തില്‍ സ്‌കോട്‌ലന്‍ഡിന്‍റെ ആദ്യ വിജയം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നേടിയ 181 റണ്‍സിന് മറുപടിക്കിറങ്ങിയ സ്‌കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ മാത്യു ക്രോസ്, ബ്രാൻഡൻ മക്‌മലന്‍ എന്നിവരാണ് സ്‌കോട്‌ലന്‍ഡിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 107 പന്തില്‍ 74 റണ്‍സെടുത്ത മാത്യു ക്രോസ് പുറത്താവാതെ നിന്നപ്പോള്‍ 106 പന്തില്‍ 69 റണ്‍സാണ് ബ്രാൻഡൻ നേടിയത്.
താരതമ്യേന കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്‌ലന്‍ഡിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രയ്‌ഡിനെ നഷ്‌ടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മാത്യു ക്രോസ്- ബ്രാൻഡൻ മക്‌മലന്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 125 റണ്‍സ് നീണ്ടു നിന്ന ഈ കൂട്ടുകെട്ട് 29-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് വിന്‍ഡീസിന് പൊളിക്കാന്‍ കഴിഞ്ഞത്.
ബ്രാൻഡൻ മക്മലനെ റൊമാരിയോ ഷെഫേര്‍ഡ് അല്‍സാരി ജോസഫിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ജോര്‍ജ് മുന്‍സി (33 പന്തില്‍ 18) അധികം വൈകാതെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ റിച്ചി ബെറിങ്‌ടണും (14 പന്തില്‍ 13* ) മാത്യു ക്രോസും ചേര്‍ന്ന് സ്‌കോട്‌ലന്‍ഡിന്‍റെ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ (79 പന്തില്‍ 45), റൊമാരിയോ ഷെഫേര്‍ഡ് (43 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മത്സരത്തിന്‍റെ തുടക്കം തൊട്ട് തിരിച്ചടിയേറ്റതോടെ ഒരു ഘട്ടത്തില്‍ 30ന് നാല് എന്ന നിലയിലായിരുന്നു വിന്‍ഡീസ്.
ബ്രാന്‍ഡന്‍ കിങ് (22), ജോണ്‍സണ്‍ ചാള്‍സ് (0), ഷമര്‍ ബ്രൂക്ക്‌സ് (0), കെയ്ല്‍ മയേഴ്‌സ്(5) എന്നിവരാണ് വേഗം മടങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ ഷായ് ഹോപും (13) തിരിച്ച് കയറിയതോടെ 60-ന് അഞ്ച് എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. തുടര്‍ന്ന് ഒന്നിച്ച നിക്കോളാസ് പുരാന്‍- ഹോള്‍ഡര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും മാര്‍ക്ക് വാട്ട് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി.
പുരാനെ (21) മാര്‍ക്ക് വാട്ട് ക്രിസ്റ്റഫര്‍ മക്‌ബ്രയ്‌ഡിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. 21 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. തുടര്‍ന്ന് ഹോള്‍ഡറും ഷെഫേര്‍ഡും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് വിന്‍ഡീസിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്. ഏഴാം വിക്കറ്റില്‍ 77 റണ്‍സാണ് ഇരുവരും കണ്ടെത്തിയത്. ആദ്യം ഷെഫേര്‍ഡും പിന്നാലെ ഹോള്‍ഡറും മടങ്ങിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. കെവിന്‍ സിന്‍ക്ലയര്‍ (10), അല്‍സാരി ജോസഫ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അക്കീല്‍ ഹൊസൈന്‍ (6*) പുറത്താവാതെ നിന്നു.
സ്‌കോട്‌ലന്‍ഡിനായി ബ്രാൻഡൻ മക്‌മലന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ക്രിസ് സോള്‍, മാര്‍ക് വാട്ട്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.