വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് നിക്കോളസ് പുരാന്‍. വീഴ്‌ചകളില്‍ പതറാതെ ശക്തമായി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുരാന്‍ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പില്‍ യോഗ്യത റൗണ്ടില്‍ പുറത്തായതിനെ തുടര്‍ന്ന് ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിന്‍ഡീസ് നായകന്‍ നിലപാട് വ്യക്തമാക്കിയത്.
'ഭാവി എന്തായിരിക്കും എന്നത് ഞങ്ങള്‍ക്ക് അറിയില്ല. ഇത് ടീമിന് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള അനുഭവമായി. ഇതിലൂടെ എല്ലാവരും ചിന്തിക്കുന്നത് വ്യക്തികളെന്ന നിലയില്‍ പ്രകടനമികവ് എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്.
എല്ലാ താരങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. എന്നാല്‍ ലോകകപ്പിലെ പരാജയത്തെകുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും വേദനയുണ്ട്. ആ വേദന ഒരു പ്രചോദനമായി ഉപയോഗിക്കാനും ശക്തമായി തിരിച്ചുവരാനും ഞാൻ ആഗ്രഹിക്കുന്നു' പുരാന്‍ പറഞ്ഞു.
വെല്ലുവിളികളെ ഭയപ്പെടാത്ത വ്യക്തിയാണ് ഞാൻ. ഈ സാഹചര്യം എനിക്കൊരു പരീക്ഷണമാണ്. ഇത് എന്നെ തടയാൻ പോകുന്നില്ല, ഞാൻ എന്റെ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നത് തുടരാൻ പോകുന്നു എന്നും നിക്കോളാസ് പുരാന്‍ കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ടി20 ലോകകപ്പിന് യോഗ്യത നേടാതെ പുറത്താകുന്നത്. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനക്കാരായാണ് വിന്‍ഡീസ് മടങ്ങിയത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ടീമിന് ഒരു ജയം മാത്രമായിരുന്നു നേടാനായത്. പിന്നാലെ ടീമിന്‍റെ തോല്‍വിയെ തുടര്‍ന്ന് പരിശീലകന്‍ ഫില്‍ സിമണ്‍സ് രാജി വെച്ചിരുന്നു.