ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) മിന്നും ഫോമിലാണ് ടീം ഇന്ത്യ (Indian Cricket Team). കളിച്ച നാല് മത്സരങ്ങളിലും ആധികാരിക ജയം നേടിയ രോഹിതും കൂട്ടരും ഇപ്പോള്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് (India Ranking In ICC CWC 2023 Points Table). ഇന്ന് ധര്‍മ്മശാലയില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത് (India vs New Zealand).
കരുത്തരാണ് അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡും. സന്തുലിതമായ ഇരു ടീമും മുഖാമുഖം വരുന്ന ഈ പോരാട്ടത്തിലെ വിജയിയെ പ്രവചിക്കുക അസാധ്യം. നിലവിലെ സാഹചര്യം ഇങ്ങനെയാണെങ്കിലും കണക്കുകള്‍ ടീം ഇന്ത്യയ്‌ക്കെതിരാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന ഐസിസി ടൂര്‍ണമെന്‍റുകളില്‍ എല്ലാം ടീം ഇന്ത്യയുടെ വഴിമുടക്കികളായത് കിവീസാണ്. 2003ലെ ഏകദിന ലോകകപ്പിലായിരുന്നു ടീം ഇന്ത്യ അവസാനം ന്യൂസിലന്‍ഡിനെതിരെ ഐസിസി ടൂര്‍ണമെന്‍റില്‍ ജയിച്ചത്. അതിന് ശേഷം കിവീസിനെ ഒരു പ്രാവശ്യം പോലും മലര്‍ത്തിയടിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടില്ല.
ഇന്ത്യയും ന്യൂസിലന്‍ഡും അവസാനം നേര്‍ക്കുനേര്‍ പോരടിച്ച ഐസിസി ടൂര്‍ണമെന്‍റ് 2021ലെ ടി20 ലോകകപ്പാണ്. ആ കളിയില്‍ ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയമായിരുന്നു കിവീസ് സ്വന്തമാക്കിയത്. അതിന് മുന്‍പ് കിരീടം ഉറപ്പിച്ചിരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ന്യൂസിലന്‍ഡിനായി.
2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീടത്തിലേക്കുള്ള കുതിപ്പ് തടഞ്ഞത് ന്യൂസിലന്‍ഡാണ്. 2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വന്നിരുന്നു. 47 റണ്‍സിനാണ് കിവീസ് ആ കളിയില്‍ ഇന്ത്യയെ തകര്‍ത്തുവിട്ടത്. ന്യൂസിലന്‍ഡിനോട് മാത്രം തോറ്റാണ് 2007ല്‍ പ്രഥമ ടി20 ലോകകിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതും.
ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ ചരിത്രം (India vs New Zealand Head To Head Stats In Cricket World Cup): ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇതുവരെ ഒന്‍പത് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ അഞ്ച് മത്സരങ്ങളിലും ജയിച്ചത് ന്യൂസിലന്‍ഡാണ്. മൂന്ന് മത്സരത്തില്‍ ഇന്ത്യയും വിജയിച്ചു.
അതേസമയം, അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളുടെ കണക്കെടുത്താല്‍ ടീം ഇന്ത്യയ്‌ക്കാണ് കിവീസിനെതിരെ ചെറിയൊരു മുന്‍തൂക്കം. ഇരു ടീമും തമ്മിലേറ്റുമുട്ടിയ 116 മത്സരങ്ങളില്‍ 58 കളികളില്‍ ഇന്ത്യയാണ് ജയിച്ചത്. 50 മത്സരങ്ങളിലാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്.