ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ -ഓസ്‌ട്രേലിയ ടീമുകളുടെ സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് ഇംഗ്ലീഷ് ഇതിഹാസ താരവും കമന്‍റേറ്ററുമായ നാസര്‍ ഹുസൈന്‍. ഇരുടീമുകളും കലാശപ്പോരാട്ടത്തിനായുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഹുസൈന്‍ തന്‍റെ സ്വപ്‌ന ടീമിനെ തെരഞ്ഞെടുത്തത്. ഹുസൈന്‍ തെരഞ്ഞെടുത്ത ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഹുസൈന്‍റെ ടീമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയാതാണ് ഇതില്‍ ശ്രദ്ദേയം. ജഡേജയുടെ പകരക്കാരനായാണ് അശ്വിനെ, ഹുസൈന്‍ തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉസ്‌മാന്‍ ഖവാജയും രോഹിത് ശര്‍മ്മയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ തകര്‍ത്തടിച്ച ശുഭ്‌മാന്‍ ഗില്ലിനെയും ഹുസൈന്‍ പരിഗണിച്ചിട്ടില്ല. ഓസീസ് താരം മാര്‍നസ് ലബുഷെയ്‌ന്‍ ആണ് ടീമിലെ മൂന്നാമന്‍.
ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയേയും ഉള്‍പ്പെടുത്തിയിട്ടില്ല. നാലാമനായി സ്റ്റീവ് സ്‌മിത്തിനെയാണ് ഹുസൈന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് അഞ്ചാമന്‍.
കാമറൂണ്‍ ഗ്രീനാണ് കോലിക്ക് പിന്നില്‍. പേസ് ഓള്‍ റൗണ്ടറായാണ് ഗ്രീനിനെ ഹുസൈന്‍ തന്‍റെ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. അലക്സ് ക്യാരിയാണ് വിക്കറ്റ് കീപ്പര്‍.
ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള രവിചന്ദ്ര അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ഇടം കയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പേസര്‍മാര്‍. ഇവര്‍ക്കൊപ്പം മുഹമ്മദ് ഷമിയേയും ടീമില്‍ നാസര്‍ ഹുസൈന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read : WTC | കങ്കാരുവിനെ കണ്ടാല്‍ ഇന്ത്യ 'ടോപ് ഗിയറിലേക്കെത്തും': അക്‌സര്‍ പട്ടേലിന് കനത്ത ആത്മവിശ്വാസം
അതേസമയം, ഈ മാസം ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
കഴിഞ്ഞ തവണ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഫൈനലിലെത്തിയ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. ഇക്കുറി പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യന്‍ ടീം കലാശപ്പോരിന് യോഗ്യത നേടിയത്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ഓസ്‌ട്രേലിയ.
2021-23 കാലയളവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ 18 കളിയില്‍ 10 ജയവും 5 സമനിലയുമാണ് ഇന്ത്യ വഴങ്ങിയത്. മറുവശത്ത് ഓസ്‌ട്രേലിയ 19 മത്സരങ്ങളില്‍ 11 ജയവും അഞ്ച് സമനിലയുമാണ് നേടിയത്.
ഓസ്‌ട്രേലിയന്‍ സ്ക്വാഡ്: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മർനസ് ലാബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മിച്ചൽ സ്റ്റാർക്ക്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മിച്ചല്‍ മാര്‍ഷ്, മാറ്റ് റെന്‍ഷോ
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.
സ്റ്റാന്‍ഡ് ബെ താരങ്ങള്‍ : യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍