ദുബായ്: ഏഷ്യ കപ്പ് (Asia Cup 2023) നിരാശയ്‌ക്ക് പിന്നാലെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. യുവ പേസര്‍ നസീം ഷായ്‌ക്ക് (Naseem Shah) ഏകദിന ലോകകപ്പ് (ODI World Cup 2023) നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട് (Naseem Shah likely to be ruled out of ODI World Cup 2023). ഏഷ്യ കപ്പില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്ക് (India vs Pakistan) എതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ഇടയില്‍ ഏറ്റ പരിക്കാണ് 20-കാരന് തിരിച്ചടിയായത്.
വലത് തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 46-ാം ഓവറില്‍ നസീം ഷായ്‌ക്ക് കളം വിടേണ്ടി വന്നിരുന്നു. ലോകകപ്പിന്‍റെ തുടക്കത്തിലെ ഏതാനും മത്സരങ്ങള്‍ നസീമിന് നഷ്‌ടമാവുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുബായില്‍ നടത്തിയ സ്‌കാനിങ്ങില്‍ താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ നസീമിന് ഈ വര്‍ഷത്തില്‍ ഇനി പാകിസ്ഥാനായി കളിക്കാനായേക്കില്ലെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പ്രതീക്ഷയ്‌ക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് അറിയാന്‍ നസീമിനെ ഒരിക്കല്‍ കൂടി സ്‌കാനിങ്ങിന് വിധേയനാക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board) ആലോചിക്കുന്നുവെന്നാണ് വിവരം. ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാനെ ഈ വര്‍ഷം കാത്തിരിക്കുന്നത്.
ഏഷ്യ കപ്പില്‍ നസീമിന് പകരക്കാരനായി സമൻ ഖാനെ (Zaman Khan) ആയിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പേസര്‍ ഹാരിസ് റൗഫ് (Haris Rauf) ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായി അടുത്തിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി (Shaheen Shah Afridi), ഹൗരിസ് റൗഫ് (Haris Rauf), എന്നിവരടങ്ങുന്ന പേസ് നിരയാണ് പാകിസ്ഥാന്‍ ടീമിന്‍റെ ഏറ്റവും വലിയ ശക്തി.
ലോകകപ്പില്‍ തങ്ങളുടെ പേസ് യൂണിറ്റില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാവുമത്. അതേസമയം ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോറില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് വഴങ്ങിയ തോല്‍വി ആയിരുന്നു പാകിസ്ഥാന് പുറത്തേക്കുള്ള വഴി ഒരുക്കിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കാണ് ബാബര്‍ അസമിനേയും സംഘത്തേയും ശ്രീലങ്ക കീഴടക്കിയത്.