മുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. കലാശപ്പോരാട്ടത്തിൽ ഡൽഹി കാപ്പിറ്റൽസിനെ 7 വിക്കറ്റിന് തകർത്താണ് മുംബൈ കന്നിക്കിരീടം സ്വന്തമാക്കിയത്. ഡൽഹിയുടെ 132 റണ്‍സ് പിന്തുടർന്നിറങ്ങിയ മുംബൈ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നാറ്റ് സൈവർ ബ്രണ്ട് (60*), ഹർമൻപ്രീത് കൗർ (37) എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
ഡൽഹിയുടെ ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യാസ്‌തിക ഭാട്ടിയയെ(4) നഷ്‌ടമായി. പിന്നാലെ ടീം സ്‌കോർ 23ൽ നിൽക്കെ ഹെയ്‌ലി മാത്യൂസും (13) പുറത്തായി. ഇതോടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച നാറ്റ് സൈവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ സഖ്യം മുംബൈയെ മികച്ച മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.
ഇരുവരും ചേർന്ന് 72 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് മുംബൈക്ക് വേണ്ടി പടുത്തുയർത്തിയത്. ടീം സ്‌കോർ 95 ൽ നിൽക്കെയാണ് ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറിനെ മുംബൈക്ക് നഷ്‌ടമായത്. 39 പന്തിൽ 37 റണ്‍സ് നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു. എന്നാൽ മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന നാറ്റ് സൈവർ ബ്രണ്ടും അമേലിയ കൗറും ചേർന്ന് മുംബൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
തകർന്നടിഞ്ഞ് ഡൽഹി: നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്‌റ്റന്‍റെ തീരുമാനം പാളുന്ന കാഴ്‌ചയാണ് കാണാനായത്. കലശപ്പോരിനിറങ്ങിയ ഡൽഹി ബാറ്റിങ് നിരയെ മുംബൈ ബോളർമാർ പിടിച്ച് കെട്ടുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഷഫാലി വർമയെ ഡൽഹിക്ക് നഷ്‌ടമായി. 4 പന്ത് 11 റണ്‍സുമായി ഫോമിലേക്കുയരുകയായിരുന്ന താരത്തെ ഇസ്സി വോങാണ് പുറത്താക്കിയത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ആലിസ് കാപ്‌സിയേയും ഓവറിലെ അഞ്ചാം പന്തിൽ ഇസ്സി വോങ് പുറത്താക്കി. ഇതോടെ 1.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 12 റണ്‍സ് എന്ന നിലയിൽ പരുങ്ങലിലായി ഡൽഹി കാപ്പിറ്റൽസ്. പിന്നാലെ വെടിക്കെട്ട് ബാറ്റർ ജെമീമ റോഡ്രിഗസ് കൂടെ പുറത്തായതോടെ ഡൽഹി തകർച്ച മണത്തു. എന്നാൽ ഒരു വശത്ത് ക്യാപ്‌റ്റൻ മെഗ് ലാന്നിങ് നിലയുറപ്പിച്ച് കളിക്കുന്നുണ്ടായിരുന്നു.
ജെമീമയ്‌ക്ക് പിന്നാലെ ക്രീസിലെത്തിയ മരിസാനെ കാപ്പ് മെഗ് ലാന്നിങ്ങിന് പിന്തുണയുമായി ക്രീസിൽ ഉറച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ ഉയത്തി. എന്നാൽ ടീം സ്‌കോർ 74ൽ നിൽക്കെ മകിസാനെ കാപ്പിനെയും ഡൽഹിക്ക് നഷ്‌ടമായി. 11-ാം ഓവറിൽ ഡൽഹിയെ ഞെട്ടിച്ചുകൊണ്ട് ക്യാപ്‌റ്റൻ മെഗ് ലാന്നിങ്ങും പുറത്തായി. 29 പന്തിൽ 35 റണ്‍സ് നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു.
തുടർന്ന് ഡൽഹിയുടെ കൂട്ട തകർച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നാലെ അരുന്ധതി റെഡ്ഡി (0), ജെസ് ജൊനാസ്സൻ (2), മിന്നു മണി (1) താനിയ ഭാട്ടിയ (0) എന്നിവർ നിരനിരയായി പുറത്തായി. ഇതോടെ 15.6 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 79 എന്ന നിലയിലേക്ക് ഡൽഹി കൂപ്പുകുത്തി. എന്നാൽ അവസാന വിക്കറ്റിൽ ഒന്നിച്ച ശിഖ പാണ്ഡെ, രാധിക യാദവ് സഖ്യമാണ് ഡൽഹിയെ പൊരുതാനാകുന്ന സ്‌കോറിലേക്ക് എത്തിച്ചത്.
ശിഖ പാണ്ഡെ 17പന്തിൽ 27 റണ്‍സും രാധിക യാദവ് 12 പന്തിൽ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി ഹെയ്‌ലി മാത്യൂസ്, ഇസ്സി വോങ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അമേലിയ കെർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.