ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) പുതിയ സീസണിലും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനെ ഉദ്ധരിച്ച് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. "ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല. ഒരു മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല" കാശി വിശ്വനാഥന്‍ പ്രതികരിച്ചു.
ചെന്നൈയെ നാല് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. 2008ല്‍ ഐപിഎല്ലിന്‍റെ കന്നി സീസണ്‍ തൊട്ട് ധോണി ചെന്നൈയുടെ ഭാഗമാണ്. കോഴവിവാദവുമായി ബന്ധപ്പെട്ട് 2013ല്‍ ചെന്നൈ വിലക്ക് നേരിട്ടപ്പോള്‍ റൈസിങ് പൂനെ ജയന്‍റ്സിലേക്ക് ധോണി മാറിയിരുന്നു.
2018ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ നായക സ്ഥാനത്ത് വീണ്ടും ധോണിയെത്തി. 2010ലും 2014ലും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്. അതേസമയം 2022 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ രവീന്ദ്ര ജഡേജയെ ഫ്രാഞ്ചൈസി ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.
ടീം തുടര്‍ തോല്‍വികളില്‍ വലഞ്ഞതോടെ ജഡേജയെ മാറ്റിയ ഫ്രാഞ്ചൈസി ധോണിയെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം ചെന്നൈയുമായുള്ള എല്ലാ ബന്ധങ്ങളും ജഡേജ അവസാനിപ്പിക്കുന്നതായാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോര്‍ട്ട്. ടീമുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും താരം നീക്കിയതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം വച്ചു.
അടുത്ത ലേലത്തില്‍ താരം സ്വന്തമായി രജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഫ്രാഞ്ചൈസിയും ജഡേജയും ഓൺലൈനായോ, ഓഫ്‌ലൈനായോ യാതൊരു ബന്ധവുമില്ല. ട്രേഡിങ് ഓഫറുകള്‍ക്കായി ജഡേജയുടെ മാനേജര്‍മാര്‍ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
also read: 'ഒരു അറ്റാക്കിങ് ബാറ്ററെ സംബന്ധിച്ച് ഇത് ആശങ്ക'; രോഹിത്തിന്‍റെ ഫോമില്‍ ആകാശ് ചോപ്ര