'Dhoni finishes off in style...'
2019, ജൂലൈ 9, ഓൾഡ് ട്രാഫോർഡിൽ ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്‌ടിലിന്‍റെ ത്രോ അവസാനിപ്പിച്ചത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ മാത്രമായിരുന്നില്ല, എംഎസ് ധോണി എന്ന ഇതിഹാസ നായകന്‍റെ രാജ്യാന്തര ക്രിക്കറ്റ് കരിയർ കൂടിയായിരുന്നു. അന്ന്, തന്‍റെ രാജ്യത്തെ ജയത്തിലേക്ക് എത്തിക്കാൻ സാധിക്കാത്തതിന്‍റെ വേദനയോടെ തലകുനിച്ച് അയാൾ നടന്ന് നീങ്ങുന്ന കാഴ്‌ച ഒരു വിങ്ങലോടെ മാത്രമേ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓർത്തെടുക്കാൻ സാധിക്കൂ.
'ക്രീസിൽ ധോണിയുണ്ടെങ്കിൽ അസാധ്യമായി ഒന്നും തന്നെയില്ല' - സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളിൽ തന്നെ വ്യക്തമാണ് ആരാണ് എം എസ് ധോണി, എന്താണ് ക്യാപ്റ്റൻ കൂൾ എന്നതും.
റാഞ്ചിയിലെ സ്‌കൂള്‍-പ്രാദേശിക ഫുട്‌ബോളില്‍ ഗോള്‍ കീപ്പറായായാണ് കായിക രംഗത്തേക്കുള്ള ധോണിയുടെ വരവ്. പിന്നീട്, ആ കുട്ടി പതിയെ ക്രിക്കറ്റിനെ നെഞ്ചിലേറ്റി. പ്രതിസന്ധികളുടെ ഡെലിവറികളെയെല്ലാം അവന്‍ അതിര്‍ത്തി കടത്തി.
ജീവിതത്തിലേക്ക് എത്തിയ കഷ്‌ടതകള്‍ അയാളെ ക്രിക്കറ്റില്‍ നിന്നും പതിയെ അകറ്റി. എങ്കിലും തന്‍റെ ആഗ്രഹത്തിനായി അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരു സാധാരണ റെയില്‍ ടിക്കറ്റ് കലക്‌ടറില്‍ നിന്നും ലോകക്രിക്കറ്റിന്‍റെ ഉയരങ്ങളിലേക്ക് അയാള്‍ നടന്നുകയറി.
സ്വപ്‌നതുല്യമായ തുടക്കമൊന്നുമായിരുന്നില്ല എംഎസ് ധോണിക്ക് കരിയറിലെ ആദ്യ രാജ്യാന്തര മത്സരത്തിൽ ലഭിച്ചത്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത് അവസാനിച്ചത് പോലെ ഒരു റൺഔട്ടിലൂടെയാണ് അയാൾ ആ യാത്ര തുടങ്ങിയത്.
വിക്കറ്റിന് പിന്നിൽ ആദം ഗിൽക്രിസ്റ്റ് ഓസ്ട്രേലിയക്ക് വേണ്ടി നടത്തിയ പ്രകടനങ്ങൾ ഇന്ത്യൻ ആരാധകരേയും കൊതിപ്പിച്ചു. അത്പോലെ ഒരാൾ നമ്മുടെ ഇളംനീല ജഴ്‌സിയാണമെന്ന് അവർ ആഗ്രഹിച്ചു. അവിടേക്കാണ് നീളൻമുടിക്കാരനായ ഒരു ചെറുപ്പക്കാരൻ തന്‍റേതായ ശൈലിയുമായി കടന്നുവന്നത്. വിക്കറ്റിന് പിന്നിൽ അയാൾ മായാജാലം കാണിച്ചതോടെ ആരാധകർ ഗില്ലിയെ മറന്ന് ആ ഏഴാം നമ്പറുകാരന് വേണ്ടി ആർപ്പു വിളിച്ചു.
സച്ചിൻ, ദ്രാവിഡ്, വിരാട്, രോഹിത്... ഇവരെയൊന്നും പോലെ ടെക്സ്റ്റ് ബുക്ക് ഷോട്ടുകൾ കളിക്കുന്ന ഒരാളായിരുന്നില്ല എംഎസ്‌ഡി. പക്ഷേ അയാളുടെ ബാറ്റിങ്ങിനുമുണ്ടായിരുന്നു ഒരു ചന്തം, ഒരു വന്യത... ജയിക്കാൻ വേണ്ടി മാത്രമുള്ള ഷോട്ടുകൾ... മറ്റ് പലരും കളി മറക്കുമ്പോഴും ടീമിന്‍റെ രക്ഷയ്ക്കായി അയാളുടെ ബാറ്റ് ശബ്‌ദിച്ചു.
എങ്കിലും അയാള്‍ കേട്ട വിമര്‍ശനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. തുഴയന്‍, യുവ താരങ്ങളുടെ പ്രകടനത്തില്‍ ക്രെഡിറ്റ് കണ്ടെത്തുന്നവന്‍, സീനിയര്‍ താരങ്ങളുടെ കരിയര്‍ നശിപ്പിച്ചവന്‍.. അങ്ങനെ നീളുന്നു അയാളെ വിമര്‍ശിക്കാന്‍ വിരോധികള്‍ കണ്ടെത്തിയ കാരണങ്ങള്‍.
2007ലെ ഏകദിന ലോകകപ്പ്, ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തേക്ക്. അന്ന് രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യന്‍ ടീമില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു എംഎസ് ധോണിയെന്ന ഇരുപത്തിയഞ്ചുകാരന്‍. ലോകകപ്പില്‍ നിന്നും പുറത്തായി തിരികെയെത്തിയ ഇന്ത്യന്‍ ടീമിനും ധോണി ഉള്‍പ്പടെയുള്ള കളിക്കാര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതിലൊന്നും തളരാന്‍ എംഎസ് ധോണി തയ്യാറായിരുന്നില്ല. അതേവര്‍ഷം തന്നെ, പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ധോണി പലരുടെയും വായ അടപ്പിച്ചു. അവിടെ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത് ലോകക്രിക്കറ്റില്‍ സ്ഥാനം അരക്കെട്ടുറപ്പിച്ച് മുന്നേറുന്ന ടീമിനെയാണ്.
2011ലെ ഏകദിന ലോകകപ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി നേടുമെന്ന് അന്ന് നായകനായ ധോണി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു. വാങ്കഡെയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയെ അതിര്‍ത്തി കടത്തിക്കൊണ്ട് ധോണി ആ വാക്കും പാലിച്ചു. ലോകകപ്പില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയിരുന്ന യുവരാജ് സിങ്ങിന് മുന്‍പ് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യന്‍ നായകന്‍റെ 91 റണ്‍സ്... അത് ചരിത്രത്താളുകളില്‍ കൂടിയാണ് ഇടം പിടിച്ചത്. ഇംഗ്ലണ്ടില്‍ 2013ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയും അയാള്‍ ഇന്ത്യയിലേക്കെത്തിച്ചു.
2019ലെ ഏകദിന ലോകകപ്പിന് മുന്‍പ് ആരും പറഞ്ഞില്ല, ഈ കിരീടം ധോണിക്ക് വേണ്ടി ഞങ്ങള്‍ നേടുമെന്ന്. ഒരുപക്ഷെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകന് ഏറെ അര്‍ഹതപ്പെട്ട ഒന്നായിരുന്നിരിക്കാം ആ കിരീടവും. എന്നാല്‍, ആ കിരീടം അയാള്‍ക്കായി ഇന്ത്യന്‍ ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
അവിടെയും ടീമിന്‍റെ ജയത്തിന് വേണ്ടി തന്‍റെ കയ്യിലെ പരിക്ക് പോലും വകവയ്‌ക്കാതെ പോരാടി. ആവുന്നത് പോലെ ടീമിന്‍റെ ജയത്തിന് വേണ്ടി ശ്രമിച്ചു. പക്ഷെ, ബാറ്റിങ് എന്‍ഡിലെ ക്രീസിന് മുന്നില്‍ എംഎസ് ധോണി വീണുപോയി. റണ്‍ഔട്ടില്‍ തുടങ്ങിയ ആ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ മറ്റൊരു റണ്‍ഔട്ടില്‍ തന്നെ അവസാനിച്ചു.
Also Read : 'ക്യാപ്‌റ്റന്‍ കൂള്‍' എംഎസ് ധോണി; ആരാധകരുടെ പ്രിയപ്പെട്ട തലയ്‌ക്ക് ഇന്ന് പിറന്നാള്‍