ലണ്ടന്‍: മോശം ഫോം തുടരുന്ന വിരാട് കോലിയെ ബിസിസിഐ പുറത്താക്കാത്തത് സാമ്പത്തിക കാരണങ്ങളാല്‍ ആണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ സ്‌പിന്നര്‍ മോണ്ടി പനേസർ. കോലി ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോസ്റ്റർ ബോയാണ്. താരത്തിന്‍റെ വലിയ വിപണന മൂല്യം നിഷേധിക്കാനാവില്ലെന്നും പനേസര്‍ പറഞ്ഞു.
"ബിസിസിഐക്ക് കോലിയെ ഒഴിവാക്കാനാവില്ല, കാരണം അത്തരമൊരു തീരുമാനം സ്‌പോൺസർഷിപ്പിലൂടെയുള്ള അവരുടെ പണത്തിന്‍റെ ഒഴുക്കിനെ ബാധിക്കും. ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണ്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോഴെല്ലാം എല്ലാവരും ഫുട്‌ബോൾ കാണുന്നു.
കോലിയും അതുപോലെ തന്നെയാണ്. അദ്ദേഹത്തിന് വലിയ ആരാധകരുമുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്ററാണ് കോലി എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. ആരാധകർ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു.
നാം എല്ലാവരും കോലിയുടെ അക്രമോത്സുകത ഇഷ്‌ടപ്പെടുന്നു. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് ഏറെ ആരാധകരുണ്ട്. സ്‌പോൺസർമാരെ സന്തോഷിപ്പിക്കാൻ കോലിയുടെ പ്രകടനവും റോളും പരിഗണിക്കാതെ തന്നെ ബിസിസിഐ സമ്മർദത്തിലാണോ?.
അതായിരിക്കാം ഏറ്റവും വലിയ ചോദ്യം. അവർക്ക് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല. കാരണം സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് അവര്‍ക്ക് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാവും. കോലിയെ വച്ച് മറ്റ് ബോര്‍ഡുകളും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴത്തെ കോലി ടീം ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമോ?, ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിക്കൊടുക്കാനാവാത്ത കോലി ടീമിന് അനിവാര്യമാണോ?, ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം ഇതാണ്", പനേസര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസാണ് കോലിക്ക് നേടാനായത്. നല്ല തുടക്കം കിട്ടയിയെങ്കിലും മുതലാക്കാതെയുള്ള താരത്തിന്‍റെ മടക്കം ആരാധകര്‍ക്കും നിരാശയായി.
ഓഫ് സ്റ്റംപിന് പുറത്തുപോയ ഡേവിഡ് വില്ലിയുടെ പന്തില്‍ ബാറ്റുവച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ പിടികൂടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ കോലി കളിച്ചിരുന്നില്ല.
also read: 'ഈ സമയവും കടന്നുപോകും'; കോലിയെ ചേര്‍ത്ത് നിര്‍ത്തി ബാബര്‍, ഏറ്റെടുത്ത് ആരാധകര്‍