ന്യൂഡൽഹി : ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ യുസ്‌വേന്ദ്ര ചഹാലിനെ കളിപ്പിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് വ്യക്‌തമാക്കി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ആ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും വിശദീകരണം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും കൈഫ് പറഞ്ഞു.
ടി20 ക്രിക്കറ്റിൽ ലെഗ് സ്‌പിന്നർമാർക്ക് ഒരു നിർണായക പങ്കുണ്ട്, എല്ലാ ടീമുകളിലും ഒരു ലെഗ് സ്‌പിന്നർ കളിക്കുന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ എല്ലാവരും റിസ്റ്റ് സ്‌പിന്നര്‍മാരെ കളിപ്പിച്ചിരുന്നു. ഐസിസി ബൗളിങ് റാങ്കിങ് നോക്കൂ, ആദ്യ പത്തിൽ നാലോ അഞ്ചോ ലെഗ് സ്‌പിന്നർമാർ ഉണ്ടായിരിക്കും.
ഫിംഗർ സ്‌പിന്നർമാർക്ക് ഓസ്‌ട്രേലിയയിൽ കാര്യമായ സഹായം ലഭിക്കുന്നില്ല. അവിടെ ബൗണ്‍സ് ഉണ്ട്. അതിനാൽ റിസ്റ്റ് സ്‌പിന്നർമാർക്കാണ് കൂടുതൽ മുൻതൂക്കം ലഭിക്കുക. ചാഹലിനെ കളിപ്പിക്കാതിരുന്നത് വലിയ തെറ്റായിരുന്നു. രോഹിത്തിനും ദ്രാവിഡിനും മാത്രമേ അതിന് വിശദീകരണം നൽകാൻ കഴിയൂ. കൈഫ് പറഞ്ഞു.
അതേസമയം പ്രധാന ടൂർണമെന്‍റുകൾക്കായുള്ള ടീം സെലക്ഷൻ വരുമ്പോൾ ഐപിഎൽ പ്രകടനങ്ങൾ സെലക്‌ടർമാരെ സ്വാധീനിക്കുന്നതായും കൈഫ് പറഞ്ഞു. ടൂർണമെന്‍റിന് മുന്നോടിയായി നടന്ന ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതിനാലാണ് വരുൺ ചക്രവർത്തിയെ കഴിഞ്ഞ ലോകകപ്പിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ ആ തീരുമാനം തെറ്റായി.
സെലക്‌ടർമാർ ഐപിഎൽ പ്രകടനങ്ങളാൽ സ്വാധീനിക്കപ്പെടുന്നു, അവർ തെറ്റുകൾ വരുത്തുന്നു. കഴിഞ്ഞ വർഷം ചാഹൽ കളിച്ചിരുന്നില്ല, ഈ വർഷവും ടൂർണമെന്‍റിലുടനീളം അദ്ദേഹത്തെ ബെഞ്ചിലാക്കുകയും ചെയ്‌തു. കൈഫ് കൂട്ടിച്ചേർത്തു.