തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ സഞ്‌ജുവിന് നേരെയുള്ള സച്ചിന്‍റെ വിമര്‍ശനം അനുചിതമാണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
' ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെ പോലുള്ള ഉന്നത കളിക്കാരില്‍ നിന്ന് ഉണ്ടാകരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു'.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ രണ്ടാം പ്ലേ ഓഫില്‍ സഞ്ജുവിന്‍റെ പുറത്താകലിനെയാണ് സച്ചിന്‍ വിമര്‍ശിച്ചിരുന്നത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നുവെന്നാണ് സച്ചിന്‍ പറഞ്ഞിരുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ മത്സരം വിലയിരുത്തവേയാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്.
‘ശരിക്കും മികച്ച ചില ഷോട്ടുകള്‍ കളിക്കുമ്പോഴാണ് സഞ്‌ജു ഔട്ടാവുന്നത്. ഹസരങ്കയുടെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്. എനിക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ ഇത് ആറാം തവണയാണ് ഹസരങ്ക സഞ്‌ജുവിനെ പുറത്താക്കുന്നത്. ആ ഷോട്ട് അവന് ഒഴിവാക്കാമായിരുന്നു. സഞ്ജു പുറത്തായിരുന്നില്ലെങ്കില്‍ മത്സരം നേരത്തെ തീരുമായിരുന്നു' എന്നായിരുന്നു സച്ചിന്‍റെ പ്രതികരണം.
അതേസമയം ഐപിഎൽ പതിനഞ്ചാം സീസണിലെ കലാശപ്പോരാട്ടം ഇന്ന് നടക്കും. സഞ്ജു സാംസണിന്‍റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു.
വി.ശിവന്‍ കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം
ഐപിഎല്‍ ഫൈനല്‍ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ സഞ്ജു വിമര്‍ശനം അനുചിതമാണെന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ്.
ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടര്‍ന്നാല്‍ കപ്പ് ഉയര്‍ത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്‍റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനില്‍ നിന്ന് ഉണ്ടാകരുതായിരുന്നു. മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.