കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ മികച്ച ഫോം തുടർന്ന് പശ്‌ചിമ ബംഗാൾ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരി. ഇന്ത്യൻ മുൻ താരം കൂടിയായ മനോജ് തിവാരി മധ്യപ്രദേശിനെതിരായ സെമിഫൈനലിൽ സെഞ്ച്വറി നേടിയതോടെ രഞ്ജിയിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. മധ്യപ്രദേശിനെതിരെ 211 പന്തില്‍ 102 റണ്‍സടിച്ച തിവാരി ക്വാര്‍ട്ടറില്‍ ജാര്‍ഖണ്ഡിനെതിരെയും സെഞ്ച്വറി നേടിയിരുന്നു.
തുടർച്ചയായ രണ്ടാം സെഞ്ച്വറി എന്നതിലുപരി താരം നടത്തിയ ആഘോഷമാണ് ശ്രദ്ധേയമായത്. സെഞ്ചുറി ആഘോഷിക്കാന്‍ ബാറ്റര്‍മാര്‍ പലവഴികളും കണ്ടെത്താറുണ്ടെങ്കിലും വ്യത്യസ്‌തമായ രീതിയാണ് തിവാരി തെരെഞ്ഞെടുത്തത്. സെഞ്ച്വറി നേടിയ ശേഷം ബാറ്റുയര്‍ത്തിയതിന് പിന്നാലെ പോക്കറ്റില്‍ നിന്ന് ഒരു കത്തുയര്‍ത്തിയായിരുന്നു ആഘോഷം.
ഭാര്യ സുസ്‌മിതയെയും കുടുംബാംഗങ്ങളെയും അവരുടെ പിന്തുണയേയും പരാമർശിക്കുന്ന കുറിപ്പാണ് മനോജ് ഉയർത്തിക്കാട്ടിയത്. ഐ ലവ് യു സുസ്മിത (എന്‍റെ പ്രിയപ്പെട്ട ഭാര്യ), പിന്നെ മക്കളുടെ പേരും ഉൾപ്പെടുന്നതാണ് കുറിപ്പ്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേര് എഴുതി പോക്കറ്റിൽ സൂക്ഷിച്ച മനോജിന്‍റെ പ്രവൃത്തി മാതൃകാപരമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.