കറാച്ചി: അഹമ്മദാബാദില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനിടെ ആയിരുന്നു തനിക്ക് കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നതെന്ന് പാക് ടീം മുന്‍ ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ (Micky Arthur On India vs Pakistan ODI World Cup 2023 Match). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങിയ പാകിസ്ഥാന് കാണികളുടെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു പാക് പട വഴങ്ങിയത്.
തുടര്‍ന്ന് ലോകകപ്പില്‍ ഉടനീളം ദയനീയ പ്രകടനം കാഴ്‌ചവെച്ച പാകിസ്ഥാന് സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് മിക്കി ആര്‍തര്‍ ഉള്‍പ്പടെയുള്ളവരെ പാക് ക്രിക്കറ്റ് ബോര്‍ഡ് തങ്ങള്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത് (Micky Arthur On Cricket World Cup 2023).
'ഹോട്ടലുകളിലും മൈതാനങ്ങളിലും ലഭിച്ച പിന്തുണയായിരുന്നു പാകിസ്ഥാനെ ലോകകപ്പ് യാത്രയില്‍ സഹായിച്ചത്. എന്നാല്‍, അഹമ്മദാബാദില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ആരാധകരുടെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള പിന്തുണ അവിടെ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
ലോകകപ്പ് പോലെ ഒരു വലിയ വേദിയില്‍ ഇത്തരം ഒരു സാഹചര്യത്തെ നേരിടുക എന്നത് ഏറെ കഠിനമായ കാര്യമാണ്. അഹമ്മദാബാദില്‍ ഇത്തരത്തില്‍ ഒരു പ്രതികൂല അന്തരീക്ഷത്തില്‍ കളിക്കേണ്ടി വരും എന്നത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അവിടെ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനായിരുന്നു പാകിസ്ഥാന്‍റെ ഓരോ താരവും ശ്രമിച്ചത്'- ആര്‍തര്‍ വ്യക്തമാക്കി.
കളത്തിനരകത്തെ ദയനീയ പ്രകടനങ്ങള്‍ക്ക് പുറമെ കളിക്കളത്തിന് പുറത്തെ ചില കാര്യങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം പിടിച്ചതായിരുന്നു പാകിസ്ഥാന്‍റെ ഇപ്രാവശ്യത്തെ ഏകദിന ലോകകപ്പ് യാത്ര. ലോകകപ്പിനിടെ പാക് ഡ്രസിങ് റൂമില്‍ ചേരിപ്പോര് സജീവമായിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, യാതൊരു അടിസ്ഥാനവും ഇല്ലാത്തതായിരുന്നു ഈ വാര്‍ത്ത എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് (Micky Arthur On Pakistan Cricket Team).
ഇക്കഴിഞ്ഞ ലോകകപ്പിലെ അഞ്ചാം സ്ഥാനക്കാരായിരുന്നു പാകിസ്ഥാന്‍. പ്രാഥമിക റൗണ്ടില്‍ കളിച്ച 9 മത്സരങ്ങളില്‍ നാല് ജയം മാത്രം നേടിയായിരുന്നു പാക് പട മടങ്ങിയത്.
Also Read : കണക്കില്‍ ഹാപ്പി, ഇന്‍ഡോറില്‍ ബാറ്റിങ് വിരുന്നൊരുക്കാന്‍ രോഹിത് ശര്‍മ