സിഡ്‌നി: ടി20 ലോകകപ്പിൽ ഞായറാഴ്‌ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. മത്സരത്തിൽ പ്രോട്ടീസ് പടയ്‌ക്കെതിരെ വിജയിച്ച് സെമി ഫൈനൽ ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. മറുവശത്ത് മഴ മൂലം ഒരു മത്സരം ഉപേക്ഷിച്ചതിനാൽ ഇന്ത്യക്കെതിരെ വിജയിച്ച് സെമിയിലേക്ക് കടക്കുക എന്നതാകും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഇപ്പോൾ മത്സരം ഇന്ത്യയുടെ ബാറ്റിങ് നിരയും ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയും തമ്മിലായിരിക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്‌നർ.
ഇന്ത്യൻ ബാറ്റർമാർക്ക് ദക്ഷിണാഫ്രിക്കയുടെ പേസർമാരെ എത്ര നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്നതിലായിരിക്കും എന്നെ സംബന്ധിച്ചിടത്തോളം കളിയുടെ ഗതി നിർണയിക്കുക. ഡ്വെയ്‌ൻ പ്രിട്ടോറിയസിന് പരിക്കേറ്റതോടെ ടീമിന്‍റെ സന്തുലിതാവസ്ഥ അൽപ്പം മാറിയേക്കാം. കഴിഞ്ഞ ദിവസം തബ്രായിസ് ഷംസി പന്തെറിഞ്ഞ രീതി എന്നെ ശരിക്കും ആകർഷിച്ചു. അവൻ ഒരു വിക്കറ്റ് ടേക്കറാണ്. നമുക്ക് പെർത്തിൽ മറ്റൊരു പേസറെ കാണാൻ സാധിക്കും, ക്ലൂസ്‌നർ പറഞ്ഞു.
അതേസമയം ലോകകപ്പിൽ വില്ലനായെത്തുന്ന മഴ വളരെയധികം നിരാശ നൽകുന്നുവെന്നും ക്ലൂസ്‌നർ പറഞ്ഞു. ലോകകപ്പിൽ എന്നെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായ കാര്യം മഴയാണ്. ഇത് ഏറെക്കുറെ കാലം തെറ്റി വന്നതാണ്. സത്യസന്ധമായി പറഞ്ഞാൽ ഇതിൽ ഞാൻ ഏറെ നിരാശാവാനാണ്. മഴ കാരണം രണ്ടിലധികം മത്സരങ്ങൾ മുടങ്ങി. ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്, ക്ലൂസ്‌നർ കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പെർത്തിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ നാല് പോയിന്‍റുമായി ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം സിംബാബ്‌വെക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവും പ്രോട്ടീസ് നേടിയിരുന്നു. നിലവിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.