ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റില്‍ വിരാട് കോലി ഇന്ത്യയ്‌ക്കായി ഓപ്പണിങ് തുടരുകയാണെങ്കിൽ കെഎൽ രാഹുല്‍ ടോപ് ഓര്‍ഡറിലെ തന്‍റെ സ്ഥാനം ത്യജിക്കേണ്ടിവരുമെന്ന് മുൻ താരം രോഹൻ ഗവാസ്‌കർ. ഓപ്പണറായി കോലിക്ക് പതിവായി അവസരം നല്‍കുന്നത് ഒരു മോശം ഓപ്ഷനല്ല. താരം ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യയ്‌ക്ക് ശുഭ സൂചനയാണെന്നും രോഹൻ ഗവാസ്‌കർ പറഞ്ഞു.
സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും രോഹൻ ഗവാസ്‌കർ അഭിപ്രായപ്പെട്ടു. “വിരാട് ഓപ്പണറാവുന്നത് ഒരു മികച്ച ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു. ടി20യില്‍ അദ്ദേഹത്തിന്‍റെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ അവ മികച്ചതാണ്. ബാറ്റിങ് ശരാശരി 55 മുകളിലാണ്.
സ്‌ട്രൈക്ക് റേറ്റ് ഏകദേശം 160ഉം ആണ്. അസാധാരണ സംഖ്യകളാണിത്. കോലിയുടെ അവസാന ഇന്നിങ്‌സ്, വീണ്ടും പുറത്താകാതെ നേടിയ 122 റൺസ്, അതദ്ദേഹം ഓപ്പണിങ് ആസ്വദിക്കുന്നുവെന്ന് പറയുന്നതാണ് ”ഗവാസ്‌കർ പറഞ്ഞു.
“സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് സന്തോഷകരമായ ഒരു ചിന്തയാണ്. വിരാട് ഓപ്പൺ ചെയ്‌താൽ, അതിനർഥം എന്‍റെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാൾ കെഎൽ രാഹുല്‍, അദ്ദേഹത്തിന്‍റെ സ്ഥാനം ത്യജിക്കേണ്ടിവരുമെന്നാണ്.
കെഎല്‍ രാഹുല്‍ ക്ലാസ് പ്ലയറാണെന്ന് ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതു തന്ത്രപ്രധാനമായ സാഹചര്യങ്ങളിലൊന്നാണ്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ തന്നെയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. ടി20യിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് അവന്‍” ഗവാസ്‌കർ കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഓപ്പണിങ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാവുന്ന മികച്ച ഒപ്‌ഷനാണ് വിരാട് കോലിയെന്ന് മുന്‍ താരം ഹർഭജൻ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ഓപ്പണറായി ഐപിഎല്ലിലടക്കം മികച്ച റെക്കോഡാണ് കോലിക്കുള്ളതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാനേജ്‌മെന്‍റാണെന്നും താരം വ്യക്തമാക്കി.