ബെംഗളൂരു: ലോകകപ്പ് വര്‍ഷത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്‍റെ തിരിച്ചുവരവിനായാണ് ആരാധക ലോകം കാത്തിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും നിർബന്ധിത ഇടവേളയെടുക്കേണ്ടി വന്ന രാഹുല്‍ നിലവില്‍ തിരിച്ചുവരാനുള്ള കഠിന പ്രയത്നത്തിലാണ്. ഇപ്പോഴിതാ തന്‍റെ ഫിറ്റ്‌നസ് പുരോഗതി ആരാധകരെ അറിയിച്ചിരിക്കുകയാണ് 31-കാരൻ.
ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമില്‍ ബാറ്റിങ്, വിക്കറ്റ് കീപ്പിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ വീഡിയോയാണ് രാഹുല്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. വിഡിയോയ്‌ക്ക് പ്രത്യേക തലക്കെട്ടെന്നും നല്‍കിയിട്ടില്ലെങ്കിലും താരത്തിന്‍റെ തിരിച്ചുവരിന്‍റെ പ്രഖ്യാപനമാണിതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
പരിക്കിന് മുമ്പ്, ഇന്ത്യയുടെ ഏകദിന ടീമിലെ മധ്യനിരയിൽ ഒഴിച്ച് കൂടാനാവാത്ത താരമായിരുന്നു രാഹുല്‍. സ്ഥിരതയാർന്ന പ്രകടനവുമായി പലതവണ ടീമിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരയറ്റി വിജയത്തിലേക്ക് നയിക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ ലോകകപ്പ് വര്‍ഷത്തില്‍ രാഹുലിന്‍റെ മടങ്ങിവരവ് ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ മധ്യനിരയിലെ ഒരു സ്ഥാനം രാഹുലിന് ഉറപ്പാണ്. എന്നാല്‍ എന്നാവും താരം അന്താരഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയെന്ന് ബിസിസിഐ ഇതേവരെ ഔദ്യോഗിമാകിയ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിനിടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായകന്‍ കൂടിയായ കെഎല്‍ രാഹുലിന് പരിക്കേല്‍ക്കുന്നത്. മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യവെ താരത്തിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് ഈ പരിക്ക് ഭേദമാവുന്നതിനായി ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കും രാഹുല്‍ വിധേയനായിരുന്നു.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ചെന്നൈ, ധർമ്മശാല, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുക.
ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പിന്‍റെ ഭാഗമാവുന്നത്. ആദ്യ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റിന് നേരിട്ട് യോഗ്യത നേടിയപ്പോള്‍ ശ്രീലങ്കയും നെതർലൻഡ്‌സും യോഗ്യത മത്സരം കളിച്ചാണെത്തുന്നത്.
അതേസമയം നിലവില്‍ രാഹുലിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ടീമിലെക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ക്ക് ടീമിന് പുറത്തുള്ള ജസ്‌പ്രീത് ബുംറ ക്യാപ്റ്റനായാണ് തിരിച്ചെത്തുന്നത്. ബുംറയ്‌ക്ക് കീഴില്‍ 15 അംഗ ടീമിനെയാണ് അയര്‍ലന്‍ഡ് പര്യടനത്തിനായി ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നാം വാരത്തിലാണ് ഇന്ത്യ- അയര്‍ലന്‍ഡ് പര്യടനത്തിന് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയാണ് മൂന്ന് മത്സരങ്ങളും നടക്കുക. ഓഗസ്റ്റ് 18-നാണ് ആദ്യ ടി20. തുടര്‍ന്ന് 20-ന് രണ്ടും 23-ന് മൂന്നും ടി20 മത്സരങ്ങള്‍ നടക്കും. മലയാളി താരം സഞ്‌ജു സാംസണും പരമ്പരയുടെ ഭാഗമാണ്.