ചെന്നൈ: ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര ഗംഭീരമൊന്നുമായിരുന്നില്ല. ആദ്യ 12 പന്തുകള്‍ എറിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ മൂന്ന് പ്രധാന ബാറ്റര്‍മാരെ തിരികെ പവലിയനിലേക്ക് എത്തിക്കാന്‍ കങ്കാരുപ്പടയുടെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് സാധിച്ചു. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ വന്നപാടെ കൂടാരം കയറിയപ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയിരുന്നത്.
ഇത്തരമൊരു ഘട്ടത്തിലാണ് കെഎല്‍ രാഹുലും (KL Rahul) വിരാട് കോലിയും (Virat Kohli) ക്രീസിലൊന്നിക്കുന്നത്. അതിവേഗം മൂന്ന് പേരെ നഷ്‌ടമായ സാഹചര്യത്തില്‍ കരുതലോടെ കളിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. അങ്ങനെ പടുത്തുയര്‍ത്തിയ ഇരുവരുടെയും ഇന്നിങ്‌സായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.
മത്സരത്തില്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച കോലി-രാഹുല്‍ സഖ്യം 165 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്‌ണര്‍ഷിപ്പ് കൂടിയാണിത്. 85 റണ്‍സ് നേടിയ വിരാട് കോലിയുടെ വിക്കറ്റ് നഷ്‌ടപ്പെട്ടെങ്കിലും 97 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
115 പന്തില്‍ എട്ട് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് രാഹുല്‍ 97 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച ഈ ഇന്നിങ്‌സിന് മത്സരത്തിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രാഹുലാണ്. ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ വിരാട് കോലിയുമൊത്ത് നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കിയതിനെയും തങ്ങള്‍ തമ്മിലുണ്ടായ ആശയവിനിമയത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചിരുന്നു.
'ഞങ്ങള്‍ തമ്മില്‍ അധികം സംഭാഷണങ്ങള്‍ ഒന്നും മത്സരത്തിനിടയില്‍ ഉണ്ടായിരുന്നില്ല. ബൗളര്‍മാര്‍ക്ക് വേണ്ട പിന്തുണ പിച്ചില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് വിരാട് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പോലെ കുറച്ച് സമയം ബാറ്റ് ചെയ്യണം, ശരിയായ ഷോട്ടുകള്‍ മാത്രം വേണം കളിക്കേണ്ടത്' എന്നുമായിരുന്നു വിരാട് കോലി പറഞ്ഞതെന്ന് രാഹുല്‍ വ്യക്തമാക്കി (KL Rahul Reveals Chat With Virat Kohli).
മത്സരത്തിന്‍റെ ആദ്യ ഓവറുകളില്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്കായിരുന്നു കൂടുതല്‍ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാല്‍, മത്സരം പുരോഗമിക്കവെ ആ പിന്തുണ സ്‌പിന്നര്‍മാര്‍ക്ക് ലഭിച്ചു. അവസാന 15-20 ഓവറുകളില്‍ മഞ്ഞിന്‍റെ സ്വാധീനം മത്സരത്തിന്‍റെ ഗതിയെ മാറ്റിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.