ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നർ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്‌ത് ദേശീയ ടീം സെലക്ഷൻ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കിരൺ മോറെ. അശ്വിന് പകരം മുഹമ്മദ് ഷമി വേണമായിരുന്നുവെന്നും കിരൺ മോറെ ഒരു സ്പോർട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
"ഞാൻ അദ്ഭുതപ്പെട്ടുപോയി, അശ്വിന്‍ എല്ലായ്‌പ്പോഴും എങ്ങനെയാണ് ഈ ടീമിലേക്കെത്തുന്നത്. കഴിഞ്ഞ ലോകകപ്പിനുള്ള ടീമിലും അശ്വിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ കളിച്ചില്ല. ഐപിഎല്ലില്‍ അശ്വിന്‍റെ പ്രകടനം നോക്കുക. അത്ര നല്ലതൊന്നുമല്ല.
അശ്വിന് പകരം മുഹമ്മദ് ഷമി എത്തണമെന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. അല്ലെങ്കിൽ അക്‌സര്‍ പട്ടേൽ കളിക്കണട്ടെ. അക്‌സർ മികച്ച ഫോമിലാണ് കളിക്കുന്നത്." കിരൺ മോറെ പറഞ്ഞു. ഷമി ടി20 ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോറെ കൂട്ടിച്ചേര്‍ത്തു.
"നമുക്ക് വിക്കറ്റുകൾ വീഴ്‌ത്തുന്ന ബൗളർമാരെയാണ് വേണ്ടത്. ന്യൂബോളിലും മധ്യ ഓവറുകളിലും സ്‌ലോഗ് ഓവറുകളിലുമെല്ലാം വിക്കറ്റുകൾ നേടാന്‍ ഷമിക്ക് സാധിക്കും." മോറെ വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റി മുന്‍ തലവൻ കൃഷ്ണമാചാരി ശ്രീകാന്തും അശ്വിന്‍റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു.
രോഹിത് ശര്‍മ നായകയനായ 15 അംഗ ടീമിനെയാണ് ഏഷ്യ കപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചത്. നാല് സ്‌പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമിലുള്ളത്. അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവരാണ് സ്‌പിന്നര്‍മാര്‍. പേസർമാരായി ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ എന്നിവരും ടീമിലെത്തി.
പരിക്കേറ്റതിനെ തുടര്‍ന്ന് ജസ്‌പ്രീത് ബുംറ പുറത്തായപ്പോള്‍ ഷമിയെ പരിഗണിച്ചിരുന്നില്ല. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായാണ് ഉള്‍പ്പെടുത്തിയത്. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടക്കുന്നത്.
also read: 'ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്‌കാലികവുമാണ്'; കോലി പഴയ ഫോമിലേക്കെത്തുമെന്ന് ജയവർധനെ